Home / Politics / ‘നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതു സഹയാത്രികര്‍ക്കും ഈ സര്‍ക്കാരിനോട് താല്‍പര്യമില്ല,’ വി ഡി സതീശൻ

‘നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതു സഹയാത്രികര്‍ക്കും ഈ സര്‍ക്കാരിനോട് താല്‍പര്യമില്ല,’ വി ഡി സതീശൻ

നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതു സഹയാത്രികര്‍ക്കും ഈ സര്‍ക്കാരിനോട് താല്‍പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കവി സച്ചിദാനന്ദന്റെ പ്രസ്താവന ഈ നിഗമനത്തിന് അടിവരയിടുന്നതാണ്. തുടര്‍ഭരണം നല്ലതല്ലെന്നാണ് അദ്ദേഹം പറയുന്നത്. സി.പി.എമ്മിന് ഉണ്ടായ അപചയത്തെ കുറിച്ച് ഏറ്റവും കുടുതല്‍ ബോധവാന്മാര്‍ നല്ല കമ്മ്യൂണിസ്റ്റുകളും ഇടതുസഹയാത്രികരുമാണ്.

കേരളത്തില്‍ മൂന്നും നാലും പതിറ്റാണ്ടുകളായി ഇടതു സഹയാത്രികരായിരുന്നവര്‍ ഈ സര്‍ക്കാരിന് തുടര്‍ച്ച ഉണ്ടാകരുതെന്നും ഇവര്‍ ഇടതുപക്ഷത്തില്‍ നിന്നും വഴിമാറി തീവ്രവലതുപക്ഷ നിലപാടുമായി പോകുന്നവരാണെന്നുമാണ് പറയുന്നത്. കേരളത്തിന്റെ പൊതുവികാരമാണ് ഇടതുസഹയാത്രികരും പ്രകടിപ്പിക്കുന്നതെന്നും പുതുയുഗ യാത്രയുടെ ഭാഗമായി തലശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിത ബോധമുണ്ട്. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനവും അതുകഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ പ്രീണനവുമാണ് സി.പി.എം നടത്തിയത്. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ടും ഇല്ലാത്ത അവസ്ഥയായി. മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ്. അത് അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ബോധ്യമുണ്ട്. ഇടത് പക്ഷ നിലപാടില്‍ നിന്നും സി.പി.എമ്മും സര്‍ക്കാരും തീവ്രവലതുപക്ഷമായി. ബി.ജെ.പിയുടെ രീതിയിലാണ് സി.പി.എം കേരളത്തില്‍ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉണ്ടാക്കാന്‍ നോക്കിയത്. സംഘ്പരിപവാറിന്റെ അതേ പാതയിലാണ് സി.പി.എം പ്രയാണം നടത്തുന്നത്. ഭയങ്കര നട്ടെല്ലും, ഭയങ്കര ഇരട്ടച്ചങ്കുമാണ്. പക്ഷേ, അമിത്ഷായും മോദിയും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിട്ട് കൊടുക്കും. അത് കേരളം കണ്ടതാണ്.

പുതുയുഗ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ‘സംവദിക്കാം- പുതുയുഗത്തിനായി’ എന്ന പരിപാടിയില്‍ 33 വിഭാഗങ്ങളിലുള്ളവര്‍ അതത് മേഖലകളിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമം നടത്തും. കൃഷിയുമായും വന്യജീവി ആക്രമണങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും വന്നത്. കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. ഉത്പ്പന്നങ്ങൾ വില്‍ക്കാന്‍ സാധിക്കാത്തതും കൃത്യമായ വില കിട്ടാത്തതും സംഭരണം നടന്നാല്‍ തന്നെ കൃത്യ സമയത്ത് പണം ലഭിക്കാത്തതുമൊക്കെ അവരുടെ പ്രശ്‌നങ്ങളാണ്.

ഖാദി ഉള്‍പ്പെടെ പര്മ്പരാഗത മേഖലയിലെ പ്രശ്‌നങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയില്‍ ഉള്‍പ്പെടെ സ്പിന്നിംഗ് മില്‍ പൂട്ടിക്കിടക്കുകയാണ്. എട്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല. തെയ്യം, നാടക, സര്‍ക്കസ് കലാകാരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും സംവാദ പരിപാടിയില്‍ ഉന്നയിക്കപ്പെട്ടു. ഹൈവെ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയുമില്ല. മുഖ്യമന്ത്രിയുടെ ജില്ലയിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *