ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിന് ജാമ്യം ലഭിച്ചു. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം ഫയൽ ചെയ്യാത്ത സാഹചര്യത്തിലാണ് വാസുവിന് പുറത്തിറങ്ങാൻ വഴി തെളിഞ്ഞത്. ശബരിമല സ്വർണ്ണക്കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു. പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വാദം പൂർത്തിയാക്കിയിരുന്നു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി.
കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതിഭാഗത്തിന് അനുകൂലമായി മാറുകയായിരുന്നു. എല്ലാവർക്കും നിയമം ഒരുപോലെയാണെന്നും വിവേചനം കാണിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന പ്രതികളുടെ എണ്ണം അഞ്ചായി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ നേരത്തെ ഇത്തരത്തിൽ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഈ മാസം 18-ന് കോടതി വിധി പറയും.










