വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ വീണ്ടെടുക്കാന്‍ യുഡിഎഫ് നിയോഗിച്ച ഡോ. എസ്.എസ് ലാലിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കമ്മിഷന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ മുന്നണി ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട ഒരു കമ്മിഷനെ നിയോഗിച്ചത്.
യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വേണ്ടി ആദ്യം ആരോഗ്യം എന്ന ആശയമാണ് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. ഇതിലൂടെയാണ് പൊതുജനാരോഗ്യ രംഗത്തെ സമൂലമായ മാറ്റം യു.ഡി.എഫ് വിഭാവനം ചെയ്യുന്നത്. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കും. പണം ഇല്ലാതെ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല.
പരിശോധനയും മരുന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന സാധാരണക്കാരുടെ അവകാശമാണെന്നതാണ് യുഡിഎഫ് നിലപാട്. സര്‍ക്കാര്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് നിലച്ചു പോയ സൗജന്യ സേവനങ്ങള്‍ ഉറപ്പാക്കും. രോഗികളുടെ എണ്ണം കണക്കാക്കി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താത്തതു കൊണ്ടാണ് രോഗികള്‍ തറയില്‍ കിടക്കുന്നതും ഒന്നും രണ്ടും മൂന്നും രോഗികള്‍ ഒരു കട്ടിലില്‍ കിടക്കുന്നതും ഐ.സി.യുവും വെന്റിലേറ്ററും കിട്ടാത്തതും.
സെക്കന്‍ഡറി ആശുപത്രികളിലും 24 മണിക്കൂറും ട്രോമ കെയറുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. അതില്ലാത്തതു കൊണ്ടാണ് ചികിത്സ വൈകുന്നതും മെഡിക്കല്‍ കോളജുകളിലെ തിരക്ക് വര്‍ധിക്കുന്നതും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതും. ഇന്‍ഷൂറന്‍സ് സംവിധാനങ്ങള്‍ തകര്‍ന്നതും പരിശോധിക്കണം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പ് പരാജയത്തിലാണ്. പബ്ലിക് ഹെല്‍ത്ത് കേഡര്‍ പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. ഇ- ഹെല്‍ത്തും ആയിരം ആശുപത്രികളില്‍ മാത്രമാണുള്ളത്. കിഫ്ബി വഴി ആശുപത്രി കെട്ടിടം പണിതിട്ടുണ്ടെങ്കിലും അവിടെയും ആവശ്യമായ സ്റ്റാഫ് പാറ്റേണില്ല. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജില്‍ മൂന്ന് പേര് ഒരു കട്ടിലില്‍ കിടക്കുമ്പോഴാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജിനായി നിര്‍മ്മിച്ച കെട്ടിടം വെറുതെ ഇട്ടിരിക്കുന്നത്.
ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സമാന്തര വകുപ്പുകളായാണ് പ്രവര്‍ത്തിക്കുന്നത്. അതിനെ ഏകോപിപ്പിക്കും. ആശുപത്രി വികസന സമിതികള്‍ പിരിക്കുന്ന പണം ഫലപ്രദമായി വിനിയോഗിക്കാന്‍ മാനദണ്ഡം ഉണ്ടാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് മുന്‍ഗണന നല്കി ഷീ ഹോസ്പിറ്റലുകള്‍ ആരംഭിക്കും. പരാമെഡിക്കല്‍ ഉള്‍പ്പെടെ ആരോഗ്യരംഗത്തെ പഠന മേഖലയിലും തൊഴില്‍ മേഖലയിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. ആയുഷ് രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനും കമ്മിഷനെ നിയോഗിക്കും.
ആശ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കും. ആദിവാസി- തീരദേശ മേഖലകളില്‍ ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്റേഴ്സും കോസ്റ്റല്‍ കെയര്‍ യൂണിറ്റുകളും സ്ഥാപിക്കും. വയോജനങ്ങള്‍ക്ക് ജില്ലാ ആശുപത്രികള്‍ മുതല്‍ പ്രത്യേക പരിഗണന നല്‍കും. ആഗോള കമ്പനികള്‍ പ്രധാന സ്വകാര്യ ആശുപത്രികള്‍ വാങ്ങുകയാണ്. ഒരു ബെഡ്ഡിന് രണ്ടര കോടി രൂപയാണ് ചിലര്‍ നല്‍കുന്നത്. ഇത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് ഭീമമായി വര്‍ധിപ്പിക്കും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് ബജറ്റ് വിഹിതം വര്‍ധിപ്പിക്കും.
ആരോഗ്യത്തിനായി പ്രത്യേക ഫണ്ടും സ്വകാര്യ നിക്ഷേപവും കണ്ടെത്തും. സി.എസ്.ആര് ഫണ്ടുകള്‍ ഉപയോഗിച്ച് ലാബുകള്‍ ആരംഭിക്കുന്നതിലൂടെ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാം. ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെന്‍സ് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 60 മുതല്‍ 70 ശതമാനം വരെയാണിത്. അത് 35 ശതമാനാക്കി കുറയ്ക്കും. തമിഴ്നാട്ടില്‍ ആറു വര്‍ഷം മുന്‍പുണ്ടായിരുന്ന 64 ശതമാനം 32 ശതമാനമാക്കി കുറച്ചു. ആ മോഡലും പരിഗണിക്കും.
ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്ന് വില്‍ക്കപ്പെടില്ലെന്ന് ഉറപ്പാക്കും. മരുന്നുകളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കും. ആശുപത്രികളില്‍ വ്യാപകമായി കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് കേടായി കിടക്കുന്നത്. ഉപകരണങ്ങള്‍ നന്നാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഒരു ഏജന്‍സിയെ നിയോഗിക്കും. ഗോള്‍ഡന്‍ അവേഴ്സില്‍ സ്പെഷാലിറ്റി, മള്‍ട്ടി സ്പെഷാലിറ്റി ചികിത്സ എല്ലാ ജില്ലകളിലും ലഭിക്കുമെന്നത് ഉറപ്പാക്കും. എല്ലാ പഞ്ചായത്തുകളിലും നാലു മിനിട്ടിനുള്ളില്‍ അടിയന്തര ചികിത്സ സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍ വിന്യസിക്കും. അതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ ഏജന്‍സികളുടെയും സന്നദ്ധസംഘടനകളുടെയും ഏകോപനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കും.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളെ കൂട്ടിച്ചേര്‍ത്ത് പേഷ്യന്റ് നാവിഗേഷന്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു. ‘പുതുയുഗ യാത്ര’യുടെ ഭാഗമായി കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹെൽത്ത് കമ്മീഷന്റെ പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.









