സിപിഎം മുന്‍ എംഎല്‍എ പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ അതിജീവിതയുടെ ലേഖനം വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവംബര്‍ 24-ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ എട്ട് വരെ എഫ്ഐആർ ഇട്ടില്ലെന്നത് സ്വന്തക്കാര് പ്രതി സ്ഥാനത്ത് വരുമ്പോള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ്.
മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ എഫ്ഐആര്‍ എടുക്കാന്‍ തയാറായില്ല. കെ.പി.സി.സി അധ്യക്ഷന്‍ പരാതി കിട്ടിയപ്പോള്‍ അന്നു തന്നെ കൈമാറുകയും അന്നു തന്നെ എഫ്.ഐ.ആര് ഇടുകയും ചെയ്തു. ഇടത് സഹയാത്രികര്‍ക്കും അവരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പരാതി മുഖവിലയ്ക്ക് എടുക്കാതെ പതിനാല് ദിവസം വൈകിപ്പിച്ചു. ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വി ഡി സതീശൻ ആരോപിച്ചു.
അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പായിരുന്നു ആഗോള അയ്യപ്പ സംഗമമെന്നും വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പടം വച്ച് കേരളം മുഴുവന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അയ്യപ്പസംഗമം നടത്തിയത്. കണക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നിരീക്ഷണത്തില്‍ നടത്തിയ സംഗമത്തില്‍ പോലും കോടികളുടെ കൊള്ളയാണ് നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാത്ത ആളുകളുടെ പേരില്‍ പോലും പണം തട്ടിയെടുത്തു.
കൊല്ലം കോര്‍പറേഷനില്‍ സിപിഎം ഭരിച്ചിരുന്ന കാലത്ത് മാരുതി കാറില്‍ കുതിരയെ കൊണ്ടു വന്നെന്ന് എഴുതിവച്ച് പണം തട്ടിയെടുത്തതിന് സമാനമായ കള്ളക്കണക്കാണ് ആഗോള അയ്യപ്പ സംഗമത്തിലും എഴുതി വച്ചിരിക്കുന്നത്. പരിപാടി അവതരിപ്പിക്കാത്ത ഭജന സംഘത്തിന്റെ പേരിലും പണം എഴുതിയെടുത്തു. നാലായിരം പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് കണക്ക്. കൊട്ടിഘോഷിച്ച് നടത്തിയിട്ടും അറുനൂറ് പേര് മാത്രമാണ് പരിപാടിക്കെത്തിയത്. പന്തലില്‍ ഉള്‍പ്പെടെ അഴിമതിയാണ്.
കോടതി നിരീക്ഷണത്തില്‍ ഇത്രയും കൊള്ള നടത്തിയെങ്കില്‍ ഇവര്‍ എന്തൊക്കെ അടിച്ചു മാറ്റിക്കാണും. വിശദമായി അന്വേഷിക്കണം. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മുന്‍കൈ എടുത്ത് നടത്തിയ പരിപാടിയിലും കൊള്ള നടത്താന്‍ മടികാട്ടത്തവരാണ് ഒപ്പമുള്ളത്. ദേവസ്വം വകുപ്പിന്റെ മറവില്‍ നടത്തിയ കൊള്ളയെ കുറിച്ച് ഹൈക്കോടതി അന്വേഷിക്കണം. ശബരിമലയില്‍ ഇത്രയും വലിയ വിവാദത്തിനിടയിലാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും കൊള്ള നടത്താന്‍ ഇവര്‍ ധൈര്യം കാട്ടിയത്. പോകുന്ന പോക്കില്‍ എല്ലാ അടിച്ചുമാറ്റിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.









