Home / Politics / ശബരിമല യുവതീപ്രവേശം: നിലപാട് വ്യക്തമാക്കാതെ എം.എ ബേബി; സർക്കാർ തീരുമാനിക്കട്ടെയെന്ന് പ്രതികരണം

ശബരിമല യുവതീപ്രവേശം: നിലപാട് വ്യക്തമാക്കാതെ എം.എ ബേബി; സർക്കാർ തീരുമാനിക്കട്ടെയെന്ന് പ്രതികരണം

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കട്ടെ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഈ വിഷയത്തിൽ സുപ്രീം കോടതി പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ലെന്നും ഇത് സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മുമ്പ് നിലനിന്നിരുന്ന സാഹചര്യം കണക്കിലെടുത്ത്, എല്ലാ വശങ്ങളും പരിശോധിച്ച് സർക്കാർ തന്നെ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. ഒഴിവാക്കാൻ കഴിയുന്ന സംഘർഷങ്ങൾ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലെന്നതാണ് പാർട്ടിയുടെ നയം. കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകണമെന്ന സമീപനമാണ് പാർട്ടിക്കുള്ളതെങ്കിലും, അത്തരം മാറ്റങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങളെയെല്ലാം ബോധ്യപ്പെടുത്തിക്കൊണ്ട് മാത്രമേ നടപ്പിലാക്കാവൂ എന്നും എം.എ ബേബി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തി ഒരു സമവായം രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വഴിമാറ്റി എടുത്തെന്ന ആരോപണം എം എ ബേബി തള്ളി. സിപിഎമ്മിൽ ഒരു അംഗത്തിന് പോലും ഫണ്ട് ദുരുപയോഗം ചെയ്യാൻ സാധിക്കില്ലെന്നും അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പാർട്ടി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടി ഫണ്ടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നതാണെന്നും അവ ഇൻകം ടാക്സ് വകുപ്പിന് ഉൾപ്പെടെ നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ അറിയാത്തവരാണ് കള്ളക്കണക്കാണെന്ന ആരോപണവുമായി മുന്നോട്ട് വരുന്നതെന്ന് പറഞ്ഞ ബേബി, രക്തസാക്ഷി ഫണ്ട് സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടി ഇത് നേരത്തെ തന്നെ പരിശോധിച്ചു തള്ളിയതാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *