ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടി. പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്റെ വയറ്റിലാണ് അഞ്ച് വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നു വച്ചത്. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി. ശസ്ത്രക്രിയാ രേഖകൾ പരിശോധിച്ച് ഉച്ചയ്ക്ക് 12 മണിയോടെ സമഗ്രമായ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറാനാണ് നിർദ്ദേശം.
2021 മെയ് 5-നാണ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി ഉഷാ ജോസഫ് വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവിയുടെ കീഴിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ആശുപത്രി വിട്ടതിന് പിന്നാലെ ഉഷയ്ക്ക് കഠിനമായ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. പലതവണ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയെങ്കിലും മൂത്രത്തിൽ കല്ലാണെന്ന് പറഞ്ഞ് അധികൃതർ മടക്കി അയക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വേദന അസഹനീയമാവുകയും മൂത്രത്തിലൂടെ രക്തം വരികയും ചെയ്തതിനെ തുടർന്ന് സ്വകാര്യ ലാബിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ കത്രികയുള്ള വിവരം പുറത്തറിയുന്നത്. അഞ്ച് വർഷത്തോളമാണ് വീട്ടമ്മ കത്രികയുമായി വേദന തിന്നു കഴിഞ്ഞത്.
സംഭവം വിവാദമായതോടെ കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ളവർ ഇടപെടുകയും വിദഗ്ധ ചികിത്സയ്ക്കായി ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ പരിശോധനകൾ പൂർത്തിയാക്കി കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടൻ നടക്കും. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.










