ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
മെഡിക്കൽ കോളേജ് സൂപ്രണ്ട് വാർത്താസമ്മേളനം നടത്തുന്നതിനിടെ ഹാളിലേക്ക് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ മേശപ്പുറത്ത് കയറി ഇരുന്ന് മുദ്രാവാക്യം വിളിച്ചു. ഇവരെ നീക്കം ചെയ്യാൻ ശ്രമിച്ച പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വീണാ ജോർജിനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും വഴി തടയുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
ആരോഗ്യമന്ത്രി സ്വകാര്യ ആശുപത്രികളുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും സാധാരണക്കാർ ആശ്രയിക്കുന്ന പൊതുജനാരോഗ്യ സംവിധാനങ്ങളെ അവഗണിക്കുകയാണെന്നും അവർ ആരോപിച്ചു.
പിണറായി വിജയന്റെ പോലീസ് സംരക്ഷണത്തിൽ മന്ത്രിയെ പുറത്തിറക്കി നോക്കാൻ വെല്ലുവിളിച്ച പ്രവർത്തകർ, കേരളത്തിലെ യുവജനതയുടെ ശക്തി വരും ദിവസങ്ങളിൽ തെരുവോരങ്ങളിൽ കാണിച്ചുതരുമെന്നും വ്യക്തമാക്കി.
തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉഷാ ജോസഫ് എന്ന വീട്ടമ്മയാണ് ഗുരുതര ചികിത്സാ പിഴവിന് ഇരയായത്. 2021-ൽ നടത്തിയ ശസ്ത്രക്രിയയിൽ വയറ്റിൽ കുടുങ്ങിയ കത്രിക മൂന്നു വർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം എക്സ്റേയിലൂടെ കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന്റെ നിരന്തരമായ വീഴ്കകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.










