Home / Politics / എസ് ഐ ആർ; 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്, അന്തിമ പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍

എസ് ഐ ആർ; 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്, അന്തിമ പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (SIR) ശേഷമുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതുക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.69 കോടി വോട്ടർമാരാണുള്ളത്. പട്ടിക പരിഷ്കരണത്തിന് മുൻപുണ്ടായിരുന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഒൻപത് ലക്ഷത്തോളം പേരുടെ കുറവാണ് ഇപ്പോഴുള്ള പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മരിച്ചവർ, വിദേശ പൗരത്വം നേടിയവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഉൾപ്പെട്ടിരുന്ന 53,229 പേരെയാണ് ഹിയറിംഗിന് ശേഷം ഒഴിവാക്കിയത്. അതേസമയം, വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി ലഭിച്ച അപേക്ഷകളിൽ 13.51 ലക്ഷം പേരെ പുതുതായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. പട്ടികയിൽ നിലവിൽ 2.23 ലക്ഷം പ്രവാസി വോട്ടർമാരാണുള്ളത്.

പട്ടികയിൽ ആക്ഷേപമുള്ളവർക്ക് അപ്പീൽ നൽകാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അറിയിച്ചു. എന്നാൽ, പുതിയ വോട്ടർ പട്ടിക സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ ഭിന്നാഭിപ്രായങ്ങളാണ് പങ്കുവെച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 30 ലക്ഷത്തോളം പേർ പുറത്തായെന്നും ഇപ്പോഴും പട്ടികയിൽ അനർഹർ ഉണ്ടെന്നുമാണ് സി.പി.എം ആരോപിക്കുന്നത്. അപേക്ഷ നിരസിക്കപ്പെട്ട പ്രവാസി വോട്ടർമാരുടെ കൃത്യമായ വിവരങ്ങൾ കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ, പട്ടികയെക്കുറിച്ച് ആദ്യം ആരോപണങ്ങൾ ഉന്നയിച്ചവർ ഇപ്പോൾ നിലപാട് മാറ്റിയെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.

Tagged:

Leave a Reply

Your email address will not be published. Required fields are marked *