Home / Politics / ‘മോദി പണിയെടുക്കാതെ ക്രെഡിറ്റ് എടുക്കാൻ നടക്കുന്ന സഹപാഠി,’യുപിഐ പ്രശംസയിൽ പരിഹാസവുമായി പവൻ ഖേര

‘മോദി പണിയെടുക്കാതെ ക്രെഡിറ്റ് എടുക്കാൻ നടക്കുന്ന സഹപാഠി,’യുപിഐ പ്രശംസയിൽ പരിഹാസവുമായി പവൻ ഖേര

ഇന്ത്യയുടെ യുപിഐ (UPI) സാങ്കേതിക വിദ്യയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രശംസിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി. ഗ്രൂപ്പ് പ്രോജക്റ്റുകളിൽ ഒരു ജോലിയും ചെയ്യാതെ അവസാനം ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാൻ എത്തുന്ന സഹപാഠിയെപ്പോലെയാണ് നരേന്ദ്ര മോദിയെന്ന് പവൻ ഖേര പരിഹസിച്ചു.

യുപിഐ എന്ന ആശയം ആദ്യമായി വിഭാവനം ചെയ്തത് 2012-13 കാലഘട്ടത്തിൽ യുപിഎ സർക്കാരിന്റെ കീഴിലാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചൂണ്ടിക്കാട്ടി. അന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്ന നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുപിഐയുടെ പ്രാഥമിക രൂപത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2010-ൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ച ഐഎംപിഎസ് (IMPS) സംവിധാനമാണ് യുപിഐയുടെ സാങ്കേതിക നട്ടെല്ലായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുമയുള്ള ആശയങ്ങൾ കൊണ്ടുവരാൻ ശേഷിയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, റിബൺ മുറിക്കാനും വിചിത്രമായ ചുരുക്കപ്പേരുകൾ പ്രസംഗിക്കാനും കോൺഗ്രസിനെ ശപിക്കാനും മറ്റുള്ളവരുടെ നേട്ടങ്ങളുടെ ക്രെഡിറ്റ് മോഷ്ടിക്കാനും മാത്രമാണ് താല്പര്യം കാണിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ സംസാരിക്കവെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തെയും യുപിഐ സംവിധാനത്തെയും പുകഴ്ത്തിയത്. 140 കോടി ജനങ്ങൾക്കായി ഇന്ത്യ പടുത്തുയർത്തിയ ഈ സംവിധാനം ലോകത്ത് മറ്റൊരു രാജ്യം പോലും ചെയ്തിട്ടില്ലാത്ത വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുപിഐയുടെ യഥാർത്ഥ ശില്പികൾ തങ്ങളാണെന്ന അവകാശവാദവുമായി കോൺഗ്രസ് എത്തിയത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *