രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ആരോഗ്യവകുപ്പിൽ ചികിത്സാ പിഴവ് പരാതികളിൽ നടപടിയെടുക്കുന്നതിനേക്കാൾ കൂടുതൽ നടന്നത് റിപ്പോർട്ട് തേടൽ. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കുകൾ പ്രകാരം, മന്ത്രി വീണാ ജോർജ് കഴിഞ്ഞ നാലര വർഷത്തിനിടെ 43 തവണയാണ് വിവിധ സംഭവങ്ങളിൽ റിപ്പോർട്ട് തേടിയത്. എന്നാൽ, ഇത്രയധികം റിപ്പോർട്ടുകൾ ലഭിച്ചിട്ടും മിക്ക പരാതികളിലും കൃത്യമായ തുടർ നടപടികളോ ഇരകൾക്ക് ആവശ്യമായ സഹായമോ ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
2021 ജൂൺ മുതൽ 2025 നവംബർ വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ (DHS) ലഭിച്ച 19 ചികിത്സാ പിഴവ് പരാതികളിൽ വെറും പത്തെണ്ണത്തിൽ മാത്രമാണ് ഇതുവരെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. മെഡിക്കൽ കോളേജുകളുടെ കാര്യമെടുത്താൽ, ലഭിച്ച 25 പ്രധാന പരാതികളിൽ 24 എണ്ണത്തിലും റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും പലതിലും തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. കോഴിക്കോട് ഹർഷീന കേസ്, പാലക്കാട് വിനോദിനിക്ക് കൈ നഷ്ടപ്പെട്ട സംഭവം എന്നിവയിൽ മാത്രമാണ് ശ്രദ്ധേയമായ നടപടികൾ ഉണ്ടായതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ഏറ്റവും ഗുരുതരമായ കാര്യം, ചികിത്സാ പിഴവുകൾക്ക് ഇരയായവർക്ക് എത്രത്തോളം ധനസഹായം നൽകിയെന്നോ അവർക്ക് തുടർചികിത്സ ഉറപ്പാക്കാൻ എന്ത് നടപടി സ്വീകരിച്ചെന്നോ ഉള്ള കൃത്യമായ കണക്കുകൾ ആരോഗ്യവകുപ്പിന്റെ പക്കലില്ല എന്നതാണ്. പരാതികളുടെയും അവയിൽ സ്വീകരിച്ച നടപടികളുടെയും വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിൽ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയിൽ തന്നെ വ്യക്തമാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ നിഷേധവും, എസ്.എ.ടി ആശുപത്രിയിലെ മരണങ്ങളും ഉൾപ്പെടെ നിരവധി ഗൗരവകരമായ കേസുകളിൽ മന്ത്രി റിപ്പോർട്ട് തേടിയെങ്കിലും പലതും ഫയലുകളിൽ ഒതുങ്ങിയ നിലയിലാണ്.
ആരോഗ്യമന്ത്രിയുടെ പ്രധാന ജോലി റിപ്പോർട്ട് തേടൽ മാത്രമായി മാറിയിരിക്കുകയാണെന്നും സിസ്റ്റം നന്നാക്കാൻ പ്രായോഗികമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പരാതികൾ ഉയരുമ്പോൾ ഉടൻ റിപ്പോർട്ട് ആവശ്യപ്പെടുന്നത് സ്വാഭാവികമാണെങ്കിലും, അത് സമർപ്പിക്കപ്പെടുന്നുണ്ടോ എന്നും കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം.










