Home / Politics / തന്ത്രിയുടെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയുമെന്ന് വി ഡി സതീശൻ

തന്ത്രിയുടെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയുമെന്ന് വി ഡി സതീശൻ

ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എന്ത് കുറ്റകൃത്യമാണ് തന്ത്രി ചെയ്തതെന്ന് എസ്.ഐ.ടി പൊതുസമൂഹത്തോട് വ്യക്തമാക്കേണ്ടതുണ്ട്. തന്ത്രിയെ അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ക്രെഡിറ്റാണെന്നാണ് സി.പി.എം ബൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിച്ചത്. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയുമുണ്ട്. സി.പി.എമ്മിന് എതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ അതില്‍ നിന്നും വഴി തിരിക്കുന്നതിന് വേണ്ടി തന്ത്രിയെ അറസ്റ്റു ചെയ്തതാണോയെന്ന് സംശയിക്കണമെന്നും ‘പുതുയുഗ യാത്ര’യുടെ ഭാഗമായി എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

തന്ത്രിക്ക് ജാമ്യം നല്‍കിയുള്ള കോടതി വിധിയില്‍ തെളിവ് ഇല്ലെന്നാണ് പറയുന്നത്. മന്ത്രിയെയോ തന്ത്രിയെയോ അറസ്റ്റു ചെയ്താല്‍ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം എന്താണെന്നു വ്യക്തമാക്കണമെന്ന് ജനുവരി 11-ന് തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. തെളിവന്റെ കണിക പോലും ഇല്ലാതെ ശബരിമല തന്ത്രിയെ പോലെ ഒരാള്‍ 40 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജയിലില്‍ കിടക്കട്ടെ. പക്ഷെ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയണം. ജയിലില്‍ കിടക്കാന്‍ ഇടയായ സാഹചര്യം എന്താണെന്ന് ജനം അറിയട്ടെ.

ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും സംസ്ഥാനത്ത് നടക്കുന്നത്. ഒറ്റപ്പെട്ട ആയിരക്കണക്കിന് സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ആരോഗ്യരംഗത്തെ സിസ്റ്റം പൂര്‍ണമായും തകര്‍ന്നു. ബ്ലാക് സ്റ്റോണ്‍ പോലുള്ള വലിയ കമ്പനികള്‍ ഒരു കിടക്കയ്ക്ക് രണ്ടര കോടി രൂപ നല്‍കിയാണ് ആശുപത്രികള്‍ ഏറ്റെടുക്കുന്നത്. ഇതോടെ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ചികിത്സ തേടി സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും.

ഈ സാഹചര്യത്തില്‍ പൊതുആരോഗ്യ സംവിധാനം തകരാതെ നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പൊതുആരോഗ്യ സംവിധാനത്തെ സംരക്ഷിക്കാനാണ് യു.ഡി.എഫ് ആരോഗ്യ കോണ്‍ക്ലേവ് നടത്തി നയരേഖ പ്രകാശനം ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റമുണ്ടാകും. ഏത് സ്വകാര്യ മേഖലയോടും പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന തരത്തില്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ സംവിധാനം ഉണ്ടാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *