കേരളത്തിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികൾ പൂർത്തിയാക്കി സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ പട്ടിക പുറത്തുവന്നപ്പോൾ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2.69 കോടിയായി ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ വിപുലമായ പരിശോധനകൾക്കൊടുവിൽ ഏകദേശം ഒൻപത് ലക്ഷത്തിലധികം പേരാണ് ഇത്തവണ പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 9,06,211 പേരെയാണ് വിവിധ കാരണങ്ങളാൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.
പട്ടികയിൽ നിന്ന് ഇത്രയധികം പേർ ഒഴിവാക്കപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ടെങ്കിലും, വോട്ടർമാർക്ക് ആശങ്ക വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും അർഹരായവർക്ക് പേര് ചേർക്കാൻ ഇനിയും അവസരമുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി വരെ വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനോ തെറ്റുകൾ തിരുത്താനോ സാധിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ നിലവിലുണ്ടോ എന്ന് പരിശോധിക്കാൻ വോട്ടർമാർക്ക് ലളിതമായ മാർഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ‘electoralsearch.eci.gov.in’ വഴി വോട്ടർ ഐഡി നമ്പറോ (EPIC Number), പേരും മറ്റ് വ്യക്തിഗത വിവരങ്ങളോ ഉപയോഗിച്ച് പരിശോധന നടത്താം. ഇതുകൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക പോർട്ടലായ ‘www.ceo.kerala.gov.in’ സന്ദർശിച്ച് ബൂത്ത് തിരിച്ചുള്ള വോട്ടർ പട്ടികയും വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്.
കേരളത്തിന് പിന്നാലെ രാജ്യവ്യാപകമായി വോട്ടർ പട്ടിക പരിഷ്കരണം വ്യാപിപ്പിക്കാനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഏപ്രിൽ മാസത്തോടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളിൽ സമാനമായ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കുറ്റമറ്റതാക്കുന്നതിനും ഇരട്ടിപ്പുകളും മരണപ്പെട്ടവരുടെ വിവരങ്ങളും ഒഴിവാക്കി പട്ടിക സുതാര്യമാക്കുന്നതിനുമാണ് ഈ പുതിയ നടപടിയിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ മുൻകൂർ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.










