നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരണപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ ആൾക്കൂട്ട വിചാരണയും, വനിതയായ ആശുപത്രി സൂപ്രണ്ടിനെ ക്രൂരമായി മർദ്ദിച്ച നടപടിയും, വസ്തുതകൾ പരിശോധിക്കാതെ ഡോക്ടർക്കെതിരെ എടുത്ത അന്യായമായ സസ്പെൻഷനും അപലപിച്ചുകൊണ്ട് ഫെബ്രുവരി 24 ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ ജി എം ഒ എ) നേതൃത്വത്തിലാണ് സമരം.
ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും നേരെ ഉണ്ടായ അതിക്രമം ഒരു ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് കെ ജി എം ഒ എ അഭിപ്രായപ്പെട്ടു. ഈ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർക്കെതിരെ ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും കെ ജി എം ഒ എ ആവശ്യപ്പെട്ടു.
അന്വേഷണ റിപ്പോർട്ടുകൾ പരിഗണിക്കാതെയും സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ടും ഡോക്ടർക്കെതിരെ എടുത്തിട്ടുള്ള സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കണം. ചികിത്സാ സങ്കീർണ്ണതകളെ പിഴവുകളായി മുദ്രകുത്തി ഡോക്ടർമാരെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കേണ്ടതുണ്ട്. ഇത്തരം കേസുകളിൽ ശാസ്ത്രീയമായ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപായി അച്ചടക്ക നടപടികൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കണം.
ആരോഗ്യ പ്രവർത്തകർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അടിയന്തര സേവനങ്ങൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും ഡോക്ടർമാർ നാളെ ബഹിഷ്കരിക്കുമെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡൻ്റ് ഡോ. സുനിത എൻ, ജില്ലാ സെക്രട്ടറി ഡോ. ഷീജ എം.പി എന്നിവർ അറിയിച്ചു.










