Home / Politics / വീണ ജോർജിനെ ആക്രമിച്ചൂവെന്ന ആരോപണം; മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുന്നുവെന്ന് വി ഡി സതീശൻ

വീണ ജോർജിനെ ആക്രമിച്ചൂവെന്ന ആരോപണം; മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുന്നുവെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ആരോഗ്യമന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിക്കുകയും സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുകയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ അടുത്ത് പോലും പ്രതിഷേധക്കാര്‍ എത്തിയിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസിനും റെയില്‍വെ പൊലീസിനും ദൃക്‌സാക്ഷികള്‍ക്കും അറിയാം. നാലോ അഞ്ചോ മാത്രമായിരുന്ന പ്രതിഷേധക്കാരെ അപ്പോള്‍ തന്നെ പൊലീസ് വളഞ്ഞു. ആരോഗ്യമന്ത്രിയുടെ സമീപത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഒരാളും പോയിട്ടില്ല. മന്ത്രിയാണ് ക്രുദ്ധയായി വെല്ലുവിളിച്ചു കൊണ്ട് ഓടിയത്.

പിടിവലിയുണ്ടായത് പൊലീസും ആരോഗ്യമന്ത്രിയും തമ്മിലാണ്. ആരോഗ്യമന്ത്രി കെ.എസ്.യുക്കാര്‍ക്ക് അടുത്തേക്ക് പാഞ്ഞു പോകുന്നത് തയാന്‍ ശ്രമിച്ചത് പൊലീസാണ്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെ പണിപ്പെട്ടാണ് ആരോഗ്യമന്ത്രിയുടെ രോഷം അടക്കിയത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ എല്ലാവരുടെയും കയ്യിലുണ്ടെന്നും ‘പുതുയുഗ’ യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവേ വി ഡി സതീശൻ പറഞ്ഞു.

അതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി കുശലം പറഞ്ഞിട്ടാണ് മന്ത്രി അടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് പോയത്. അവിടയെത്തി സ്പീക്കറുമായി കൂടിയാലോചിച്ചാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കിയത്. മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുമ്പോഴും അവരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പറയുന്നില്ല. അതിന്റെ എല്ലാ തെളിവുകളുമുണ്ട്. റെയില്‍വെ പൊലീസ് സി.സി ടി.വി പരിശോധിച്ചപ്പോഴും ആക്രമിച്ചതു കണ്ടെത്താനായില്ലെന്നു മാത്രമല്ല, മന്ത്രിയുടെ അടുത്തേക്ക് പോലും കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെ മാധ്യമങ്ങള്‍ ആദ്യം കാണിച്ച മന്ത്രിയുടെ കയ്യിലെ പരുക്കിന്റെ യാഥാര്‍ത്ഥ്യം പിന്നീട് മനസിലായി. മിനിയാന്നും അവരുടെ കയ്യില്‍ ആ പാട് ഉണ്ടായിരുന്നെന്നത് വിവിധ പരിപാടികളിലെ ചിത്രങ്ങളില്‍ നിന്നും വ്യക്തമായി. സ്പീക്കറെ പോലെ ഒരാള്‍ ഗൂഡാലോചയില്‍ പങ്കാളി ആകാന്‍ പാടില്ലായിരുന്നു. ആരോഗ്യമന്ത്രി തട്ടിവിട്ട ഒരു പച്ചക്കള്ളത്തിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിക്കുകയും പുതുയുഗ യാത്രയുടെ പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുകയുമാണ്. സര്‍ക്കാരിന് എതിരായ വിഷയങ്ങള്‍ വഴിമാറ്റുന്നതിന് വേണ്ടി മനപൂര്‍വം നടത്തിയ ഗൂഡാലോചനയാണ്.

എല്‍.ഡി.എഫിന്റെ മൂന്ന് മേഖലാ ജാഥകളും പൊളിഞ്ഞു പോയെന്ന് അവര്‍ തന്നെ വിലയിരുത്തി. പുതുയുഗ യാത്ര നന്നായി പോകുമ്പോള്‍ അതിന്റെ കാമ്പയിന്‍ വഴിതിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. എം.വി ഗോവിന്ദനാണ് നുണ പറഞ്ഞത്. ആരോഗ്യമന്ത്രിയുടെ പെടലിയും കയ്യും കെ.എസ്.യുക്കാര്‍ തിരിച്ചെന്ന പച്ചകള്ളം പറഞ്ഞത് ആരാണ്. എം.വി ഗോവിന്ദനെ പോലെ പച്ചക്കള്ളം പറയുന്ന ആരെങ്കിലുമുണ്ടോ. കലാപത്തിന് ആഹ്വാനം ചെയ്തിന് എം.വി ഗോവിന്ദനെതിരെ കേസെടുക്കണം. കരിങ്കൊടിയുമായി പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അടുത്ത പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന സ്പീക്കര്‍ എങ്ങനെയാണ് കണ്ട് ബോധ്യപ്പെട്ടത്. സ്പീക്കര്‍ പഴയ എസ്.എഫ്.ഐക്കാരനായതാണ്. ഇപ്പോള്‍ സ്പീക്കര്‍ പദവിയിലാണ് ഇരിക്കുന്നതെന്ന് മറുന്നു പോയി. അതുകൊണ്ടാണ് പണ്ട് കോളജുകളില്‍ ഉണ്ടാക്കുന്നതു പോലൊരു നാടകം ഉണ്ടാക്കിയതെന്നും സതീശൻ ആരോപിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *