നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി സാധ്യത പട്ടികയെച്ചൊല്ലി പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നു. സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ വീണ്ടും മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇക്കാര്യം ശൈലജ പാർട്ടി സംസ്ഥാന നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് വിവരം.
ശൈലജയെ ഇത്തവണ മത്സരരംഗത്തുനിന്ന് ഒഴിവാക്കാൻ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം കരുനീക്കം നടത്തുന്നതായാണ് സൂചന. അഞ്ച് തവണ നിയമസഭയിലേക്ക് മത്സരിച്ചവർ മാറിനിൽക്കണമെന്ന പൊതുമാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് ശൈലജയെ വെട്ടാൻ നീക്കം നടക്കുന്നത്. മട്ടന്നൂരിൽ സീറ്റ് നിഷേധിക്കുകയാണെങ്കിൽ ശൈലജയെ പേരാവൂരിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും, മട്ടന്നൂർ വിട്ടൊരു മത്സരത്തിനില്ലെന്ന നിലപാടിൽ ശൈലജ ഉറച്ചുനിൽക്കുകയാണ്.
അതേസമയം, കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഭിന്നത നിലനിൽക്കുന്നുണ്ട്. തളിപ്പറമ്പിൽ സുകന്യയുടെ പേര് പരിഗണിക്കുന്നതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാറിനെ തളിപ്പറമ്പിൽ മത്സരിപ്പിക്കാനാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് താൽപ്പര്യമെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ, കാരായി രാജനെ സ്ഥാനാർത്ഥിയാക്കുന്നത് മറ്റു മണ്ഡലങ്ങളിലെ ജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്കയും പാർട്ടി ചർച്ച ചെയ്യുന്നുണ്ട്.
ശൈലജ ടീച്ചറെപ്പോലൊരു ജനകീയ നേതാവിനെ മാറ്റിനിർത്തുന്നത് തെരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചടിയാകുമോ എന്ന ആശങ്കയും ഒരു വിഭാഗം പ്രവർത്തകർക്കിടയിലുണ്ട്.










