Home / Kerala / ‘എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിഹ്നമായി എത്തിയ ആനവണ്ടി,’ കെഎസ്ആർടിസി യുടെ പരസ്യത്തിൽ മോഹൻലാൽ

‘എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിഹ്നമായി എത്തിയ ആനവണ്ടി,’ കെഎസ്ആർടിസി യുടെ പരസ്യത്തിൽ മോഹൻലാൽ

മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ അടയാളമായ കെഎസ്ആർടിസിയുമായുള്ള തന്റെ ആത്മബന്ധം വെളിപ്പെടുത്തി നടൻ മോഹൻലാൽ. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു കെഎസ്ആർടിസി ബസ് യാത്രയെക്കുറിച്ചുള്ള ഓർമ്മകളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ പ്രിയദർശൻ ഒരുക്കിയ കെഎസ്ആർടിസിയുടെ പുതിയ പരസ്യ ചിത്രത്തിലൂടെയാണ് മോഹൻലാൽ തന്റെ സുഖമുള്ള ‘ആനവണ്ടി’ യാത്രകൾ ഓർത്തെടുത്തത്.

തന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിഹ്നമായി വന്ന ഒന്നാണ് കെഎസ്ആർടിസി എന്ന് മോഹൻലാൽ പറഞ്ഞു. കോളേജ് കാലഘട്ടത്തിലായിരുന്നു താൻ ഏറ്റവും കൂടുതൽ ബസ് യാത്രകൾ നടത്തിയിരുന്നത്. തിരുവനന്തപുരം എം.ജി കോളേജിൽ പഠിച്ചിരുന്ന കാലത്ത് മുടവൻമുകളിലെ വീട്ടിൽ നിന്നും കോളേജിലേക്കും തിരിച്ചുമുള്ള യാത്രകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിച്ചു.

പഴയകാല കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തിരുന്ന ആ കാലം തികച്ചും വ്യത്യസ്തമായിരുന്നുവെന്നും, ഇന്നത്തെ ആധുനിക ബസുകളിലേക്ക് എത്തുമ്പോൾ വലിയ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മോഹൻലാൽ, പൊതുഗതാഗത സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾ ശ്ലാഘനീയമാണെന്നും അഭിപ്രായപ്പെട്ടു.

മുൻപ് കെഎസ്ആർടിസിയുടെ ‘ഓർമ്മ എക്സ്പ്രസ്’ എന്ന പരിപാടിയിലും മോഹൻലാൽ പങ്കെടുത്തിരുന്നു. അന്ന് പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന ബസിൽ കയറി ഡബിൾ ബെല്ലടിച്ചും ഫുട്ബോർഡിൽ നിന്നും താരം തന്റെ പഴയ കോളേജ് ഓർമ്മകൾ പുതുക്കിയിരുന്നു. കെഎസ്ആർടിസിയുടെ ഗുഡ് വിൽ അംബാസഡർ കൂടിയായ താരം, പൊതുഗതാഗതത്തിന്റെ വിശ്വാസ്യതയും മാനവികതയും പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *