വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിച്ച ‘ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന സിനിമയ്ക്ക് കേരളത്തിലെ തിയറ്ററുകളിൽ തണുപ്പൻ പ്രതികരണം. ഇന്നലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിക്കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
മിക്ക തിയേറ്ററുകളിലും സിനിമയയുടെ ഷോയ്ക്ക് ബുക്കിംഗ് ഇല്ല. ബുക്കിംഗ് ഉള്ളയിടത്ത് വളരെ കുറച്ച് പേര് പേര് മാത്രമാണ് ബുക്ക് ചെയ്തിരിക്കുന്നത്. പ്രേക്ഷകരില്ലാത്തതിനെ തുടർന്ന് നഗരങ്ങളിലുൾപ്പെടെ നിരവധി ഷോകൾ ഇതിനോടകം റദ്ദാക്കി.
കൊച്ചിയിലെയും തിരുവനന്തപുരത്തെയും പ്രധാന മൾട്ടിപ്ലക്സുകളിൽ പോലും സിനിമയ്ക്ക് ബുക്കിംഗ് ലഭിക്കുന്നില്ല. റിലീസ് ദിനത്തിൽ ചിലയിടങ്ങളിൽ പ്രതിഷേധങ്ങൾ ഭയന്ന് പ്രദർശനം മാറ്റിവെച്ചിരുന്നെങ്കിലും, പിന്നീട് പ്രദർശനം തുടങ്ങിയപ്പോഴും തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. കൊച്ചിയിലെ ലുലു മാളിലെ പിവിആർ സിനിമാസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ സിനിമയുടെ പ്രദർശനം നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.
ചിത്രം ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തോടുള്ള കേരളത്തിന്റെ മറുപടിയാണ് ഈ ഒഴിഞ്ഞ കസേരകളെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ ഉയരുന്നുണ്ട്. സിനിമ വിഭാവനം ചെയ്യുന്ന പ്രമേയം വസ്തുതാവിരുദ്ധമാണെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
വിവാദങ്ങൾ സിനിമയ്ക്ക് വലിയ പ്രചാരണം നൽകുമെന്ന് കരുതിയിരുന്നെങ്കിലും കേരളത്തിലെ ബോക്സ് ഓഫീസിൽ അത് പ്രതിഫലിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലയിടങ്ങളിലും പത്തിൽ താഴെ ആളുകൾ മാത്രം എത്തിയതോടെയാണ് ഷോകൾ ഉപേക്ഷിക്കാൻ തിയറ്റർ മാനേജ്‌മെന്റുകൾ നിർബന്ധിതരായത്.










