Home / Featured / വിജയ്-സംഗീത വിവാഹമോചനം: നടി തൃഷയ്‌ക്കെതിരെ സൈബറാക്രമണം; ‘കുടുംബം തകർത്തവൾ’ എന്ന് വിമർശനം

വിജയ്-സംഗീത വിവാഹമോചനം: നടി തൃഷയ്‌ക്കെതിരെ സൈബറാക്രമണം; ‘കുടുംബം തകർത്തവൾ’ എന്ന് വിമർശനം

തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുടെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുണ്ടായെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ നടി തൃഷയ്‌ക്കെതിരെ വ്യാപക സൈബറാക്രമണം. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിൽ തൃഷയ്ക്കാണ് പങ്കെന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൊഴുക്കുന്നത്.

വിജയ്‌ക്ക് ഒരു പ്രമുഖ നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും, അത് ചോദ്യം ചെയ്തപ്പോൾ സംഗീതയെ മാനസികമായി പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തു എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഗീത നൽകിയ ഹർജിയിൽ നടിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, ആരോപിക്കപ്പെടുന്ന വ്യക്തി തൃഷയാണെന്ന് വരുത്തിത്തീർത്തുകൊണ്ടാണ് സോഷ്യൽ മീഡിയയിലെ ആക്രമണം. തൃഷയുടെ ഇൻസ്റ്റഗ്രാം, എക്സ് അക്കൗണ്ടുകളിലെ ചിത്രങ്ങൾക്ക് താഴെ അധിക്ഷേപകരമായ കമന്റുകളാണ് നിറയുന്നത്. “വിജയ് അണ്ണന്റെ കുടുംബം തകർത്തത് നിങ്ങളാണ്”, “ജസ്റ്റിസ് ഫോർ സംഗീത” തുടങ്ങിയ ഹാഷ്ടാഗുകളും വൈറലായിട്ടുണ്ട്.

2021 മുതൽ വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, താക്കീത് ചെയ്തിട്ടും അത് തുടർന്നുവെന്നുമാണ് സംഗീതയുടെ ഹർജിയിൽ പറയുന്നത്. മുൻപ് ‘ലിയോ’ സിനിമയുടെ ചിത്രീകരണ സമയത്തും വിജയ്‌യെയും തൃഷയെയും ബന്ധപ്പെടുത്തി പല ഗോസിപ്പുകളും വന്നിരുന്നു. വിജയ്‌യുടെ ജന്മദിനത്തിന് തൃഷ പങ്കുവെച്ച ആശംസയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും അന്ന് ഏറെ ചർച്ചയായിരുന്നു. ഈ സംഭവങ്ങളെല്ലാം ഇപ്പോൾ തൃഷയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾക്ക് ആയുധമാക്കുകയാണ് ഒരു വിഭാഗം നെറ്റിസൺസ്.

അതേസമയം, ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ തൃഷയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളിലേക്ക് തെളിവുകളില്ലാതെ ഒരു നടിയെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും, സിനിമയിലെ കെമിസ്ട്രിയെ വ്യക്തിജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഇവർ വാദിക്കുന്നു. എന്നാൽ തൃഷയോ വിജയോ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ നിർണ്ണായക ഘട്ടത്തിൽ നിൽക്കുമ്പോഴാണ് സംഗീത വിവാഹ മോചനത്തിന് ശ്രമിക്കുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *