Home / Kerala / ആറ്റുകാൽ പൊങ്കാല; ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ

ആറ്റുകാൽ പൊങ്കാല; ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ

ഭക്തിനിർവൃതിയിൽ ലക്ഷക്കണക്കിന് ഭക്തർ ഇന്ന് ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ചു. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം തലസ്ഥാന നഗരി ഒരു യാഗശാലയായി മാറി. രാവിലെ 9.15-ന് ക്ഷേത്രത്തിൽ നടന്ന ശുദ്ധപുണ്യാഹത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് 9.45-ന് പണ്ടാര അടുപ്പിൽ തീ പകർന്നു.

തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം പാടിത്തീർത്തതോടെ ക്ഷേത്ര തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് തിടപ്പള്ളിയിലെ അടുപ്പിലും തുടർന്ന് പണ്ടാര അടുപ്പിലും ജ്വലിപ്പിച്ചു. ഈ സമയം കരിമരുന്ന് പ്രയോഗവും ചെണ്ടമേളവും മുഴങ്ങിയതോടെ നഗരത്തിന്റെ മുക്കിലും മൂലയിലും കാത്തിരുന്ന ഭക്തലക്ഷങ്ങൾ തങ്ങളുടെ അടുപ്പുകളിലേക്ക് അഗ്നി പകർന്നു.

ഉച്ചപൂജയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം നടക്കുക. ഇതിനായി 350-ഓളം ശാന്തിക്കാരെയാണ് പ്രത്യേകം നിയോഗിച്ചിട്ടുള്ളത്. നിവേദ്യത്തിന് ശേഷം വൈകുന്നേരം ചന്ദ്രഗ്രഹണം ഉള്ളതിനാൽ ദർശനത്തിന് നിയന്ത്രണമുണ്ട്. വൈകിട്ട് 3.10 മുതൽ രാത്രി 7 മണി വരെ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽകുത്ത് ചടങ്ങ് നടക്കും. ഇതിന് പിന്നാലെ 10.45-ഓടെ മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. നാളെ രാത്രി കാപ്പഴിച്ചു കുടിയിളക്കുന്നതോടെ ഉത്സവ ചടങ്ങുകൾക്ക് അവസാനമാകും. നാളെ അർദ്ധരാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം സമാപിക്കും. ഭക്തർക്കായി വിപുലമായ സുരക്ഷാ-സൗകര്യങ്ങളാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *