Home / Politics / ബിഹാറിൽ വീണ്ടും നാടകീയ നീക്കം; നിതീഷ് കുമാർ രാജ്യസഭയിലേക്ക്, മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും

ബിഹാറിൽ വീണ്ടും നാടകീയ നീക്കം; നിതീഷ് കുമാർ രാജ്യസഭയിലേക്ക്, മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും

ബിഹാർ രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ തന്റെ ഉള്ളിലുണ്ടായിരുന്ന ആഗ്രഹമാണിതെന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും.

“നിയമസഭയുടെയും നിയമനിർമാണ കൗൺസിലിന്റെയും ഭാഗമാകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ലോക്സഭയിലും ഞാൻ അംഗമായിരുന്നു. പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ കൂടി അംഗമാകണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. ആ ആഗ്രഹം നിറവേറ്റാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്,” എന്ന് നിതീഷ് കുമാർ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു.

വ്യാഴാഴ്ച പട്‌നയിൽ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് ബിജെപിയുടെ നീക്കം. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും. ബിജെപി നയിക്കുന്ന മന്ത്രിസഭയിൽ നിശാന്ത് കുമാർ ഉപ മുഖ്യമന്ത്രിയാകും.

ഏപ്രിൽ പകുതിയോടെ നിതീഷ് കുമാർ മുഖ്യമന്ത്രി പദം ഒഴിയുമെന്നാണ് സൂചന. ഇതോടെ ദീർഘകാലം ബിഹാർ ഭരിച്ച നിതീഷ് കുമാറിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ അധ്യായത്തിന് താൽക്കാലിക വിരാമമാകും. ജെഡിയു അധ്യക്ഷനായ നിതീഷ് കുമാറിന് കേന്ദ്ര മന്ത്രി സഭയിൽ ബിജെപി ഒരു സുപ്രധാന വകുപ്പ് നൽകിയേക്കും എന്നും സൂചനയുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *