സംസ്ഥാന സർക്കാർ പത്രങ്ങളിൽ നൽകിയ പരസ്യങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജീവിച്ചിരുന്ന കാലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇടതുപക്ഷം ക്രൂരമായി വേട്ടയാടിയെന്നും മരണശേഷവും അത് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെ അവർ കല്ലെറിഞ്ഞ് തീർത്തു. ഒരു രാഷ്ട്രീയ നേതാവിനോടും കാണിക്കാത്ത വിധത്തിലുള്ള മ്ലേച്ഛമായ രീതിയിലാണ് അദ്ദേഹത്തോട് ഇടതുപക്ഷം പെരുമാറിയത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് പോലും വലിയ ശക്തിയുണ്ട്. അത് ഭയന്നാണ് സർക്കാർ പണം ഉപയോഗിച്ച് വീണ്ടും അദ്ദേഹത്തെ വേട്ടയാടുന്നത്,” കെ.സി. വേണുഗോപാൽ പറഞ്ഞു.
നേരായ മാർഗത്തിലൂടെ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് ബോധ്യമുള്ളതിനാലാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാർ ഇത്തരം പരസ്യങ്ങൾ അടിച്ചേൽപ്പിക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ പോരായ്മകളെന്ന പേരിൽ വ്യാജാരോപണങ്ങൾ ഉന്നയിച്ചും എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടിയുമാണ് വിവിധ പത്രങ്ങളിൽ ഒന്നാം പേജിൽ പരസ്യം നൽകിയിരിക്കുന്നത്.
വിദ്യാഭ്യാസ രംഗം, ക്ഷേമ പെൻഷൻ, കെ.എസ്.ആർ.ടി.സി, ദേശീയപാത വികസനം തുടങ്ങിയ മേഖലകളിൽ യു.ഡി.എഫ് കാലത്തെയും നിലവിലെ സർക്കാരിനെയും താരതമ്യം ചെയ്തുകൊണ്ടാണ് പി.ആർ.ഡി പരസ്യം നൽകിയത്. ഇതിനെതിരെയാണ് കോൺഗ്രസ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.










