Home / Politics / പി കെ ശശിയെ സി പി എമ്മിൽ നിന്ന് പുറത്താക്കി; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ എം എൽ എ

പി കെ ശശിയെ സി പി എമ്മിൽ നിന്ന് പുറത്താക്കി; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ എം എൽ എ

മുൻ എം എൽ എ പി കെ ശശിയെ സി പി എമ്മിൽ നിന്ന് പുറത്താക്കി. പാലക്കാട് സംഘടിപ്പിച്ച വിമത കൺവെൻഷനിൽ പങ്കെടുത്തതിനും പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനും പിന്നാലെയാണ് നടപടി. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു അറിയിച്ചു. ഏറെ നാളായി പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി, കഴിഞ്ഞ ദിവസമാണ് കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ചത്.

പാലക്കാട് നടന്ന വിപ്ലവകാരികളുടെ കൺവെൻഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ അതിരൂക്ഷമായ കടന്നാക്രമണമാണ് പി കെ ശശി നടത്തിയത്. ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്നും ഇത്തരമൊരാൾ ഇരിക്കുന്ന കസേരയിൽ തുടരാൻ തനിക്ക് താല്പര്യമില്ലെന്നും ശശി തുറന്നടിച്ചു. ജില്ലയിലെ സി പി എം നേതാക്കൾ ഭരണത്തിന്റെ മറവിൽ വലിയ തോതിലുള്ള അഴിമതിയും പണപ്പിരിവും നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. മദ്യപാന സദസ്സുകളിൽ വെച്ചാണ് പലപ്പോഴും പാർട്ടി സെക്രട്ടറിമാരെ തീരുമാനിക്കുന്നതെന്ന ഗുരുതരമായ വെളിപ്പെടുത്തലും അദ്ദേഹം നടത്തി.

എന്നാൽ പി കെ ശശിയുടെ ആരോപണങ്ങളെ സി പി എം ജില്ലാ നേതൃത്വം പൂർണ്ണമായും തള്ളിക്കളഞ്ഞു. ശശിയുടേത് വെറും വിഭ്രാന്തിയാണെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ എന്തെങ്കിലും തെറ്റായ നടപടികൾ ഉണ്ടായെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്നും സുരേഷ് ബാബു പ്രതികരിച്ചു. പി കെ ശശി രാഷ്ട്രീയത്തിൽ വന്ന കാലം മുതൽ അച്ചടക്കലംഘനം നടത്തുകയും പിന്നീട് തിരുത്തുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

സി പി എമ്മിൽ നിന്ന് പുറത്തായതോടെ പി കെ ശശിയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന ചർച്ചകൾ സജീവമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യു.ഡി.എഫ് പിന്തുണയോടെ അദ്ദേഹം മത്സരരംഗത്തിറങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പാലക്കാട്ടെ സി പി എമ്മിൽ വലിയൊരു വിഭാഗം പ്രവർത്തകർ ശശിക്കൊപ്പം നിൽക്കുന്നുണ്ടെന്ന അവകാശവാദത്തിനിടെയുള്ള ഈ പുറത്താക്കൽ ജില്ലയിലെ പാർട്ടി രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം.

Tagged:

Leave a Reply

Your email address will not be published. Required fields are marked *