Home / Politics / യുഡിഎഫ് വിരുദ്ധ പത്ര പരസ്യം ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചുള്ള ഹീനമായ പ്രചാരണമെന്ന് വി ഡി സതീശൻ

യുഡിഎഫ് വിരുദ്ധ പത്ര പരസ്യം ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചുള്ള ഹീനമായ പ്രചാരണമെന്ന് വി ഡി സതീശൻ

പബ്ലിക് റിലേഷന്‍സ് വകുപ്പിനെ എത്രത്തോളം അധപതിപ്പിക്കാമെന്നതിന്റെ ഉദാഹരണമാണ് ഇന്ന് വിവിധ പത്രങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ യുഡിഎഫ് വിരുദ്ധ പരസ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചില പത്രങ്ങള്‍ പരസ്യമല്ലാതെ, സര്‍ക്കാരില്‍ നിന്നും സി.പി.എമ്മില്‍ നിന്നും പണം വാങ്ങുന്നുണ്ടെന്ന ആരോപണം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചതാണ്. ഇപ്പോള്‍ സര്‍ക്കാരിന്റെ പണം ഉപയോഗിച്ചാണ് പത്ത് വര്‍ഷം മുന്‍പുള്ള നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള പേജും ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പേജും പരസ്യമായി നല്‍കിയത്. പി.ആര്‍.ഡിയുടെ പരിമിതിക്കും അപ്പുറത്തേക്ക് പി.ആര്‍.ഡി പോയിരിക്കുകയാണ്. നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നും ‘പുതുയുഗ യാത്ര’ യുടെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് നാട്ടുകാരുടെ പണം എടുത്താണ് ഹീനമായ പരസ്യം നല്‍കുന്നത്. അല്ലാതെ ഇവരുടെ ആരുടെയും വീട്ടില്‍ നിന്നല്ല പണം നല്‍കുന്നത്. ഈ പരസ്യത്തിന്റെ പണം അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് വച്ചുകൊടുത്തിട്ടാണ് ഈ സര്‍ക്കാര്‍ പടിയിറങ്ങുന്നത്. ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് നടത്തുന്നത് ഹീനമായ പ്രചരണമാണ്. ഇതിനെതിരെ നിയമപരവും രാഷ്ട്രീയവുമായ നടപടികള്‍ സ്വീകരിക്കും. പരസ്യം എന്ന് തോന്നാത്ത രീതിയില്‍ തരംതാണ പ്രചരണമാണ് നടത്തിയത്. ഹീനമായ പ്രചരണം നടത്തുന്നതിന്റെ പണം വേണ്ടെന്ന് തീരുമാനിച്ച മാധ്യമങ്ങളെ അഭിനന്ദിക്കുന്നു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ വാര്‍ത്തയാണ് പരസ്യമായി ഉപയോഗിച്ചിരിക്കുന്നത്. പരസ്യമാണെന്ന് മനസിലാകാത്ത രീതിയില്‍ നല്‍കിയത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

തിരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ പരസ്യം നല്‍കുന്നത് പാര്‍ട്ടിയുടെ പണം ഉപയോഗിച്ചാണ്. അല്ലാതെ സി.പി.എമ്മിനെ പോലെ സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല പരസ്യം നല്‍കേണ്ടത്. നാട്ടുകാരുടെ പണം ഉപയോഗിച്ച് സി.പി.എം തിരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ട. സര്‍ക്കാരിന് മുന്നോട്ട് വയ്ക്കാന്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് പത്ത് വര്‍ഷം മുന്‍പത്തെ കാര്യങ്ങള്‍ ഒര്‍ജിനല്‍ ആണെന്ന രീതിയില്‍ പരസ്യമായി നല്‍കിയിരിക്കുന്നത്.

ജി. സുധാകരനുമായി വ്യക്തിബന്ധമുണ്ട്. ബഹുമാനവും ആദരവുമുള്ള നേതാവാണ്. മന്ത്രിയായിരുന്ന കാലത്തും ആദരവോടെ അല്ലാതെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അദ്ദേഹം ഞങ്ങളെ വിമര്‍ശിക്കാറുണ്ടായിരുന്നെങ്കിലും അദ്ദേഹത്തോട് ആദരവാണ്. അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്. പുതുയുഗ യാത്രയില്‍ ഉടനീളെ സി.പി.എമ്മില്‍ നിന്നും ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാ ജില്ലകളിലും കോണ്‍ഗ്രസിലും യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളിലും ചേരുകയാണ്. ഒരു സി.പി.എമ്മുകാരനെങ്കിലും അംഗത്വം നല്‍കാതെ ഒരു നിയോജകമണ്ഡലവും പിന്നിട്ടിട്ടില്ല. ശക്തികേന്ദ്രങ്ങളില്‍ പോലും സി.പി.എമ്മും എല്‍.ഡി.എഫും ശിഥിലീകരിക്കപ്പെടുകയാണ്.

തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വന്നപ്പോള്‍ സി.പി.എമ്മില്‍ എന്തൊക്കെയാണ് നടക്കുന്നത്? ഇപ്പുറത്ത് ഒറ്റ പാര്‍ട്ടിയായി ടീം യു.ഡി.എഫ് നില്‍ക്കുമ്പോഴാണ് എല്‍.ഡി.എഫ് ശിഥിലമാകുന്നത്. പാലക്കാട് ജില്ലയില്‍ വിമതര്‍ കണ്‍വെന്‍ഷന്‍ നടത്തുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും എല്‍.ഡി.എഫും സി.പി.എമ്മും ശിഥിലമാകുന്നതിന്റെ വെപ്രാളത്തിലാണ് ഇത്തരം ഹീനമായ പരസ്യം നല്‍കുന്നത്.

ഫെബ്രുവരി ആറിന് കാസര്‍കോട് നിന്നും ആരംഭിച്ച പുതുയുഗ യാത്രയുടെ പര്യടനം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയുടെ സമാപന സമ്മേളനം ശനിയാഴ്ച പുത്തരിക്കണ്ടം മൈതാനത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന് എതിരായ അതിശക്തമായ ജനവികാരം യാത്രയില്‍ ഉടനീളെ പ്രതിഫലിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകരെ കൂടാതെ സാധാരണക്കാരായ ജനങ്ങളും യാത്രയില്‍ പങ്കാളികളായി. ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും വലിയ പങ്കാളിത്തം യാത്രിയിലുണ്ടായി. സര്‍ക്കാരിനെതിരായ വിമര്‍ശനവും രാഷ്ട്രീയവും പറയുന്നതിനൊപ്പം യാത്രയുടെ ഭൂരിഭാഗം സമയവും കേരളത്തിന്റെ വികസനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയ വിവിധ മേഖലകളില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച് ഒരു രാഷ്ട്രീയ യാത്ര ചര്‍ച്ച ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളും അടിസ്ഥാന സൗകര്യ വികസനവും കേരളത്തിന്റെ ഭാവിയും സംമ്പദ് വ്യവസ്ഥയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്തു. ആരോഗ്യ മേഖലയെയും ഉന്നത വിദ്യാഭ്യാസരംഗത്തെയും സംബന്ധിച്ച വിഷന്‍ ഡോക്യുമെന്റും പുറത്തിറക്കി. എല്ലാ ജില്ലകളിലും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ജനങ്ങളുമായി ആശയവിനിമയം നടത്തി. പൗരപ്രമുഖരെയല്ല, പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്ന സാധാരണക്കാരെയാണ് ഞങ്ങള്‍ ക്ഷണിച്ചത്.

എന്‍ഡോസള്‍ഫാന്‍ ഇരകളും വന്യജീവികളുടെ ആക്രമണത്തിന് ഇരയായ പാവപ്പെട്ട മനുഷ്യരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് വന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും അങ്കണവാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ലോട്ടറി തൊഴിലാളികള്‍, പ്രീപ്രൈമറി ടീച്ചേഴ്‌സ്, കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ്, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കള്‍, ഒന്നാം റാങ്ക് കിട്ടിയിട്ടും നിയമനം കിട്ടാത്ത ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളവര്‍ പങ്കെടുത്തു. എല്ലാ ജില്ലകളിലെയും പ്രത്യേകമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക ഡോക്യുമെന്റും യാത്രയുടെ ഭാഗമായി തയാറാക്കും.

ഒരോ ജില്ലകളിലെയും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പരിഹരിക്കുന്നതിനുള്ള ശ്രമം ഉണ്ടാകും. സാമ്പത്തികമായി കേരളം തകര്‍ന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെയുണ്ട്. അതെല്ലാം ക്രോഡീകരിച്ച് സംസ്ഥനതലത്തില്‍ മുന്‍ഗണന നല്‍കേണ്ട പ്രശ്‌നങ്ങളും തയാറാക്കിയിട്ടുണ്ട്. യു.ഡി.എഫിന്റെ പ്രകടനപത്രിക തയാറാക്കാനും അധികാരത്തില്‍ എത്തുമ്പോള്‍ മുന്‍ഗണ നല്‍കേണ്ട വിഷയങ്ങള്‍ ഏതൊക്കെയെന്നു മനസിലാക്കാനും യാത്രയുടെ ഭാഗമായി വിവിധ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തിയത് സഹായകമായിട്ടുണ്ട്. മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും യാത്രയ്ക്ക് പിന്തുണ ലഭിച്ച. തിരഞ്ഞെടുപ്പ് മുന്‍പ് നടക്കുന്ന രാഷ്ട്രീയ യാത്രയില്‍ നിന്നും വ്യത്യസ്തമായി വരാനിരിക്കുന്ന തലമുറകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിലേക്ക് യാത്രയെ മാറ്റാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *