Home / Kerala / ജാസ്‌ലിയയുടെ മരണം: കാറിടിച്ച ഡോക്ടർ പിടിയിൽ; വാഗമണ്ണിൽ നിന്ന് കസ്റ്റഡിയിലെടുത്തത് ആറു ദിവസത്തിന് ശേഷം

ജാസ്‌ലിയയുടെ മരണം: കാറിടിച്ച ഡോക്ടർ പിടിയിൽ; വാഗമണ്ണിൽ നിന്ന് കസ്റ്റഡിയിലെടുത്തത് ആറു ദിവസത്തിന് ശേഷം

അമിതവേഗത്തിലെത്തിയ കാറിടിച്ച് നഴ്‌സിങ് വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ സിറിയക് പി. ജോർജിനെ പോലീസ് പിടികൂടി. ഇടുക്കി വാഗമണ്ണിന് സമീപത്തെ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അപകടം നടന്ന് ആറു ദിവസത്തിന് ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഫെബ്രുവരി 28-നാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടം നടന്നത്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ, ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാസ്‌ലിയ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിന് ശേഷം പ്രതിയെ പിടികൂടാത്തതിനെതിരെ കുടുംബവും നാട്ടുകാരും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ജാസ്‌ലിയയുടെ സഹപാഠികൾ അങ്കമാലി പോലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തിയിരുന്നു.

ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിറിയക്കിനെയും പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോർജ് ചാലാക്ക മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി വിദ്യാർത്ഥിയാണ്. പിടിയിലായ പ്രതിയെ അങ്കമാലി പോലീസിന് കൈമാറുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. മരണശേഷവും നാലുപേർക്ക് പുതുജീവിതം നൽകി ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *