കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും, കേരള സ്റ്റോറി സിനിമ ആരും കാണുന്നില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യവും സംസ്കാരവും ഈ സിനിമയിൽ കാണിക്കുന്നതല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ചില വിഭാഗങ്ങളെ അപരവൽക്കരിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനായി വലിയ തോതിൽ പണം ചിലവഴിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ ദോഷകരമായി ബാധിക്കുന്ന കാര്യമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
കേരള സന്ദർശനത്തിനിടെ ഇടുക്കി കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു കേരള സ്റ്റോറി സിനിമയ്‌ക്കെതിരായ തന്റെ നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. സംവാദത്തിനുശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ചയും നടത്തി. മരിയൻ കോളേജിലെ ബോർഡ് റൂമിൽ നടന്ന കൂടിക്കാഴ്ച ഏകദേശം പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും ഡീൻ കുര്യാക്കോസ് എം.പിയും പങ്കെടുത്തു.










