വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കിയ പുതിയ ടൗൺഷിപ്പിൽ അപ്രതീക്ഷിത അതിഥിയായി മെഗാസ്റ്റാർ മമ്മൂട്ടിയെത്തി. മുൻകൂട്ടി അറിയിപ്പുകളൊന്നുമില്ലാതെ താരം എത്തിയത് ജനങ്ങളെയും അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ചു. ദുരന്തത്തിന്റെ കയ്പേറിയ ഓർമ്മകളിൽ നിന്ന് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നവർക്ക് മമ്മൂട്ടിയുടെ സന്ദർശനം വലിയൊരു ആശ്വാസമായി മാറി.
പണി പൂർത്തിയായ വീടുകളിൽ നേരിട്ടെത്തിയ മമ്മൂട്ടി ഓരോ മുറികളും കയറിക്കണ്ടു. അവിടെയുണ്ടായിരുന്ന കുടുംബാംഗങ്ങളോട് കുശലാന്വേഷണം നടത്തുകയും അവരുടെ ക്ഷേമവിവരങ്ങൾ തിരക്കുകയും ചെയ്തു. ടൗൺഷിപ്പിലെത്തിയ വിദ്യാർത്ഥികളോടും അധികൃതരോടും ഏറെനേരം സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. താരം എത്തിയ വിവരമറിഞ്ഞ് ആളുകൾ കൂട്ടത്തോടെ ടൗൺഷിപ്പിലേക്ക് ഒഴുകിയെത്തിയതോടെയാണ് അദ്ദേഹം സന്ദർശനം അവസാനിപ്പിച്ചത്.
സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മമ്മൂട്ടി വൈകാരികമായാണ് പ്രതികരിച്ചത്. “ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ് മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ. ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ചവർക്കായി നൽകിയ സംഭാവനയാണിത്. ഇത് നമ്മുടെ ജനങ്ങളുടെ മനസ്സിന്റെ പ്രതിഫലനമാണ്,” അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളിൽ നിന്ന് സമാഹരിച്ച തുക സർക്കാർ ഇത്തരം നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കുന്നത് കേരളത്തിന്റെ സാമൂഹിക മൂലധനത്തിന്റെ (Social Capital) വലിയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










