ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ മരണം സുരക്ഷാ വീഴ്ച മൂലമെന്ന് ആരോപണം. മരിച്ച കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനി വിജിഷയുടെ ഭർത്താവ് ദിനേഷ് കുമാറാണ് പോലീസിനും അധികൃതർക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
കെടിഡിസിയുടെ ചൈത്രം ഹോട്ടലിന് മുൻവശത്താണ് വിജിഷ പൊങ്കാലയിട്ടിരുന്നത്. വിജിഷയുടെ തൊട്ടുപിന്നിൽ തന്നെ മറ്റൊരു അടുപ്പ് കൂടി ഉണ്ടായിരുന്നു. ഇത്രയും കുറഞ്ഞ അകലത്തിൽ അടുപ്പ് സ്ഥാപിക്കുന്നത് അപകടമാണെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് അപ്പോൾത്തന്നെ പരാതിപ്പെട്ടിരുന്നതായി ദിനേഷ് കുമാർ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന മറുപടിയാണ് പോലീസ് നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നിലെ അടുപ്പിൽ നിന്നാണ് വിജിഷയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്.
ചികിത്സയിലായിരുന്ന വിജിഷ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ച വിജിഷയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിക്കും തിരക്കും നിയന്ത്രിക്കേണ്ട പോലീസ് അപകടസാധ്യത ചൂണ്ടിക്കാണിച്ചിട്ടും നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. മാർച്ച് മൂന്നിനായിരുന്നു ആറ്റുകാൽ പൊങ്കാല.










