Home / Politics / നാട്ടികയിൽ സിപിഐയിൽ തർക്കം രൂക്ഷം: സീറ്റ് നിഷേധിച്ചാൽ വിമതനായി മത്സരിക്കുമെന്ന് സി സി മുകുന്ദൻ; കോൺഗ്രസും ബിജെപിയും ചർച്ച നടത്തി

നാട്ടികയിൽ സിപിഐയിൽ തർക്കം രൂക്ഷം: സീറ്റ് നിഷേധിച്ചാൽ വിമതനായി മത്സരിക്കുമെന്ന് സി സി മുകുന്ദൻ; കോൺഗ്രസും ബിജെപിയും ചർച്ച നടത്തി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ നാട്ടിക മണ്ഡലത്തിൽ സിപിഐയിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പ്രതിസന്ധി. നിലവിലെ എംഎൽഎ സി സി മുകുന്ദനെ മാറ്റി മുൻ എംഎൽഎ ഗീതാ ഗോപിയെ വീണ്ടും മത്സരിപ്പിക്കാനുള്ള പാർട്ടി നീക്കത്തിനെതിരെ മുകുന്ദൻ പരസ്യമായി രംഗത്തെത്തി. സീറ്റ് ലഭിച്ചില്ലെങ്കിലും താൻ ഇത്തവണ നാട്ടികയിൽ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഗീതാ ഗോപിക്ക് സീറ്റ് നൽകുന്നത് പാർട്ടിക്കുള്ളിലെ സാമ്പത്തിക സ്വാധീനവും വിഭാഗീയതയും മൂലമാണെന്ന് സി സി മുകുന്ദൻ ആരോപിച്ചു. പാർട്ടിക്കു വേണ്ടി പണം പിരിച്ചു നൽകാൻ ഗീതാ ഗോപിക്ക് കഴിവുണ്ടെന്നും എന്നാൽ തനിക്ക് അതിനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മോശം പ്രകടനം നടത്തിയ ഗീതാ ഗോപിയെ വീണ്ടും പരിഗണിക്കുന്നത് ശരിയല്ലെന്നും, രണ്ട് ടേം നൽകുന്ന കാര്യത്തിൽ തന്നെ മാത്രം ഒഴിവാക്കിയത് നീതിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഐയുമായി ഉടക്കി നിൽക്കുന്ന സി സി മുകുന്ദനുമായി കോൺഗ്രസ്, ബിജെപി നേതൃത്വങ്ങൾ ചർച്ച നടത്തിയതായാണ് വിവരം. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ അദ്ദേഹവുമായി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. മുകുന്ദനെ ഒപ്പം കൂട്ടാൻ ബിജെപി സംസ്ഥാന നേതൃത്വവും നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്.

സി സി മുകുന്ദന്റെ ആരോപണങ്ങളോട് തനിക്ക് പ്രതികരിക്കാനില്ലെന്ന് ഗീതാ ഗോപി വ്യക്തമാക്കി. പാർട്ടിയാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്നും ഏൽപ്പിക്കുന്ന ചുമതല നിർവ്വഹിക്കുമെന്നും അവർ പറഞ്ഞു. നാട്ടികയിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും ഇത്തവണയും അവർ സ്വീകരിക്കുമെന്നും ഗീതാ ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സിറ്റിംഗ് എംഎൽഎ തന്നെ പരസ്യമായി വിമത ഭീഷണി മുഴക്കിയതും മറ്റു പാർട്ടികളുമായി ചർച്ച നടത്തിയതും സിപിഐ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. മുകുന്ദനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി ആരംഭിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *