മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ. മന്ത്രിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിന്നിരുന്ന ആക്ഷേപങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടിയാണ് ബിന്ദുവിനെ പരസ്യ പ്രതികരണത്തിന് പ്രേരിപ്പിച്ചത്. വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ അത്യന്തം മോശമായ സാഹചര്യത്തിലാണ് താൻ കണ്ടതെന്നും ഇതിന് ദൃക്സാക്ഷികളും തെളിവുകളുമുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബിന്ദു വെളിപ്പെടുത്തി. ബിന്ദുവിന് ‘വട്ടാണെന്നും’ തനിക്ക് അയ്യായിരം പ്രണയങ്ങൾ ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സത്യം തുറന്നു പറയാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി.
വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെയും ഒരു സ്ത്രീയെയും കണ്ട സംഭവം വിവരിക്കാൻ പോലും പറ്റാത്തത്ര മോശമായിരുന്നുവെന്ന് ബിന്ദു പറയുന്നു. ആ സമയത്ത് മന്ത്രിയുടെ ചിത്രങ്ങൾ താൻ ഫോണിൽ പകർത്തിയിരുന്നു. ഇതറിഞ്ഞ മന്ത്രിയുടെ സഹായികളായ ശാന്തനും പ്രദീപും ചേർന്ന് തന്നെ തടയുകയും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് മുറിക്കുള്ളിൽ കയറി വാതിലടച്ച താൻ ബന്ധുവും ബിജെപി കൗൺസിലറുമായ ശ്രീലേഖയെ വിവരമറിയിക്കുകയായിരുന്നു. അവരുടെ നിർദ്ദേശപ്രകാരമാണ് പോലീസ് സഹായം തേടിയത്. എന്നാൽ സ്ഥലത്തെത്തിയ പോലീസ് തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ചെയ്തതെന്നും, ഇതിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ കാറിൽ കയറ്റി വിടാൻ പോലീസ് സഹായിച്ചുവെന്നും ബിന്ദു ആരോപിച്ചു.
സംഭവം നടന്നതിന് പിന്നാലെ മന്ത്രിയുടെ സ്റ്റാഫുകൾ വന്ന് മാപ്പ് ചോദിക്കുകയും ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തിരുന്നു. സാറിന് തെറ്റ് പറ്റിപ്പോയെന്നും ക്ഷമിക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. വർഷങ്ങളായി തങ്ങളുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പല സ്ത്രീകളുടെയും പേരിൽ നിരന്തരം വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും ബിന്ദു വെളിപ്പെടുത്തി. തനിക്ക് സംശയരോഗമാണെന്ന് വരുത്തിത്തീർക്കാനാണ് ഗണേഷ് കുമാർ എപ്പോഴും ശ്രമിക്കുന്നത്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മകളോടും സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ നിലവിൽ നിയമനടപടികൾക്ക് താല്പര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ പ്രസ്താവനകൾക്ക് മറുപടിയായാണ് താൻ ഇപ്പോൾ ഈ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന് ബിന്ദു മേനോൻ വ്യക്തമാക്കി.










