Home / Kerala / നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികൾ പ്രതിസന്ധിയിൽ

നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികൾ പ്രതിസന്ധിയിൽ

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യവുമായി സ്വകാര്യ മേഖലയിലെ നഴ്സുമാർ നടത്തുന്ന സമരം ശക്തമാകുന്നു. കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലടക്കം സമരം വ്യാപിച്ചതോടെ ജില്ലയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാണ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിൽ നടക്കുന്ന സമ്പൂർണ്ണ പണിമുടക്ക് മൂലം പല ആശുപത്രികളിലും ഒപി സേവനങ്ങളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും തടസ്സപ്പെട്ടു.

കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നലെ സമരത്തെച്ചൊല്ലി മാനേജ്‌മെന്റും നഴ്സുമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ നഴ്സിങ് വിദ്യാർത്ഥികളെയും ട്രെയിനികളെയും കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. നഴ്സുമാരെ മുറിക്കുള്ളിൽ പൂട്ടിയിട്ടതായും ജോലിക്ക് കയറിയില്ലെങ്കിൽ പിരിച്ചുവിടുമെന്ന് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും നഴ്സുമാർ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചിട്ടുണ്ട്.

സമരത്തിന്റെ ഭാഗമായി നഴ്സുമാർ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ഉദ്ഘാടനത്തിന് ശേഷം മടങ്ങുകയായിരുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പ്രതിഷേധക്കാർ കൂവിവിളിച്ചത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ആസ്റ്റർ മിംസ്, ഇഖ്‌റ, മെയ്ത്ര, ഫാത്തിമ, മലബാർ ഹോസ്പിറ്റൽ തുടങ്ങി ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം സമരം പൂർണ്ണമാണ്. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാർഡുകളിലെയും ഐസിയുകളിലെയും പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്.

2018-ലാണ് നഴ്സുമാരുടെ ശമ്പളം അവസാനമായി പരിഷ്കരിച്ചത്. നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ 20,000 രൂപ എന്ന അടിസ്ഥാന ശമ്പളം ഒന്നിനും തികയുന്നില്ലെന്നാണ് നഴ്സുമാരുടെ പരാതി.

സർക്കാർ പുതുതായി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ അടിസ്ഥാന ശമ്പളം 28,000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നും 40,000 രൂപ വേണമെന്നുമാണ് യുഎൻഎ നിലപാട്.

തുച്ഛമായ ശമ്പളവും കഠിനമായ ജോലിഭാരവും കാരണം കേരളത്തിലെ മികച്ച നഴ്സുമാർ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് തടയാൻ മികച്ച വേതനം അനിവാര്യമാണെന്ന് സംഘടനകൾ വാദിക്കുന്നു.

സംസ്ഥാനത്തെ ഇരുന്നൂറോളം ആശുപത്രികൾ ശമ്പള വർധനവ് അംഗീകരിച്ച് കരാർ ഒപ്പിട്ടതോടെ അവിടെ സമരം പിൻവലിച്ചിട്ടുണ്ട്. എന്നാൽ കോഴിക്കോട്ടെയും മറ്റ് ചില ജില്ലകളിലെയും വൻകിട ആശുപത്രികൾ ഡിമാൻഡുകൾ അംഗീകരിക്കാൻ തയ്യാറാകാത്തതാണ് സമരം നീണ്ടുപോകാൻ കാരണം. ഒത്തുതീർപ്പ് ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് നഴ്സുമാരുടെ തീരുമാനം.

Tagged:

Leave a Reply

Your email address will not be published. Required fields are marked *