Home / Kerala / ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കും

ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കും

ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കുവാൻ വേനൽക്കാല ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ തീരുമാനിച്ചു. വരൾച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം, ഇടിമിന്നൽ, ചൂട്മൂലമുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ, തീപിടുത്തങ്ങൾ എന്നീ കാര്യങ്ങളിൽ അതീവ ശ്രദ്ധവേണം.

ഉഷ്ണകാല മുന്നൊരുക്ക യോ​ഗങ്ങൾ ജില്ലാതലത്തിൽ ചേരണം. പ്രദേശിക ഹീറ്റ് ആക്ഷൻ പ്ലാൻ കോഴിക്കോട് ജില്ലയിലെ മൂടാടി ​ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. അതേ മാതൃകയിൽ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. വിലുപവും ഊർജിതവുമായ പൊതുജനക്യാമ്പയിൻ നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ആരോ​ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഹീറ്റ് ക്ലിനിക്കുകൾ ആരംഭിക്കണം. എല്ലാ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കണം. പരീക്ഷ ഹാളുകളിൽ വായു സഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം.

നിലവിലുള്ള വാട്ടർ കിയോസ്ക്കുകൾ റിപ്പർ ചെയ്യുകയും ആവശ്യമെങ്കിൽ കൂടുതൽ കിയോസ്ക്കുകൾ സ്ഥാപിക്കുകയും വേണം. ജലത്തിന്റെ ​ഗുണമേന്മ ഉറപ്പു വരുത്തണം. ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നടപടികളും കാർഷിക വിളകളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോ​ഗത്തിൽ മന്ത്രിമാരായ കെ രാജൻ, റോഷി അ​ഗസ്റ്റിൻ, കെ കൃഷണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ജില്ലാകലക്ടർമാർ, ലാന്റ് റവന്യു കമ്മീഷ്ണർ കെ ജീവൻ ബാബു, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *