Home / Politics / ‘ജി. സുധാകരൻ ഉത്തമ കമ്മ്യൂണിസ്റ്റ്; സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക്,’ വി ഡി സതീശൻ

‘ജി. സുധാകരൻ ഉത്തമ കമ്മ്യൂണിസ്റ്റ്; സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക്,’ വി ഡി സതീശൻ

കേരളത്തിലെ സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിനുണ്ടാകും. അധികാരത്തിന്റെ അഹങ്കാരത്തില്‍ ചെയ്തു കൂട്ടിയതെല്ലാം ഇപ്പോള്‍ തിരിച്ചടിയായി മാറുകയാണ്. ഉത്തമരായ കമ്മ്യൂണിസ്റ്റുകള്‍ അവര്‍ക്കൊപ്പം നില്‍ക്കില്ല. ഇടതു സഹയാത്രികരും നല്ല നേതാക്കളും അംഗങ്ങളും പാര്‍ട്ടിയില്‍ നിന്നും അകന്നു പോയി. ഒരു കമ്മ്യൂണിസവും ഇടതുപക്ഷവും ഇല്ലാതെ സി.പി.എം തീവ്രവലതുപക്ഷമായി മാറി. സി.പി.എമ്മിന്റെ അടിത്തറ കേരളത്തില്‍ ഇളകിയിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജി. സുധാകരന്‍ സ്വീകരിച്ച നിലപാടെന്നും വി ഡി സതീശൻ പറവൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജി.സുധാകരന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും യു.ഡി.എഫും ആലോചിച്ച് തീരുമാനിക്കും. അദ്ദേഹം ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം അപ്പുറത്ത് നില്‍ക്കുമ്പോഴും ബഹുമാനവും ആദരവും കാട്ടിയിട്ടുണ്ട്. വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകും. പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളില്‍ വച്ച് നിരവധി സി.പി.എം പ്രാദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി. സി.പി.എമ്മില്‍ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ല.

അറിയപ്പെടുന്ന പ്രാദേശിക നേതാക്കളാണ് പാര്‍ട്ടി വിട്ട് വരുന്നത്. ജനങ്ങള്‍ക്ക് മതിയായി. പാലക്കാട് സമ്മേളനത്തില്‍ പങ്കെടുത്തത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. പയ്യന്നൂരിലും പാര്‍ട്ടിക്കാരുടെ പ്രതികരണം എന്തായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് സി.പി.എം കൂപ്പ് കുത്തുകയാണ്. അതാണ് പത്ത് വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം.

ഗണേഷ് കുമാര്‍ വിഷയത്തില്‍ അവനോടൊപ്പമാണോ അവളോടൊപ്പമാണോ മുഖ്യമന്ത്രി? അവളോടൊപ്പമെന്ന് പറയുകയും അവനോടൊപ്പം നില്‍ക്കുകയും ചെയ്യുന്നത് എന്തൊരു നിലപാടാണ്? ചന്ദ്രനിലേക്ക് പോകുകയാണെന്നും തിരിച്ച് വരികയാണെന്നും പറഞ്ഞ് ഉയര്‍ത്തിക്കാട്ടിയ കപ്പ് ഉടഞ്ഞു പോയോ? മുഖ്യമന്ത്രി ആ കപ്പുമായി ഇനി ജനങ്ങള്‍ക്ക് മുന്നില്‍ വരരുത്? വന്നാല്‍ അപഹാസ്യനാകും. ഈ വിഷയത്തില്‍ സി.പി.എമ്മും മുഖ്യമന്ത്രിയും എന്ത് നിലപാടാണ് സ്വീകരിച്ചത്. ഇതാണ് കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള വ്യത്യാസം.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഗണേഷ് കുമാര്‍ ഇരിക്കുമ്പോഴും ഇതേ കുടുംബപ്രശ്‌നമാണ് ഉണ്ടായത്. അന്ന് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. അതേ പിണറായി വിജയനാണ് ഇപ്പോള്‍ കുടുംബപ്രശ്‌നം എന്ന് പറയുന്നത്. എന്തൊരു ഇരട്ടത്താപ്പാണ്.

പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അന്ന് നിലവിലുണ്ടായിരുന്ന അഞ്ച് ഭവന നിര്‍മ്മാണ പദ്ധതികളിലൂടെ അഞ്ച് വര്‍ഷത്തിനിടെ 443000 വീടുകളാണ് നിര്‍മ്മിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പണി തുടങ്ങിയ വീടുകള്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുള്ള പത്ത് വര്‍ഷത്തെ ഊതി വീര്‍പ്പിച്ച കണക്കാണ് ഈ സര്‍ക്കാര്‍ പറയുന്നത്.

പവര്‍ കട്ട് ഒഴിവാക്കിയെന്നാണ് പറയുന്നത്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ പവര്‍കട്ട് ഉണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും അതു തന്നെയായിരുന്നു അവസ്ഥ. പുറത്ത് നിന്നും വൈദ്യുതി കൊണ്ടു വരാനുള്ള പവര്‍ കൊറിഡോര്‍ അന്നുണ്ടായിരുന്നില്ല. അര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കില്‍ പുറത്ത് നിന്നും വൈദ്യുതി എത്തിക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും പവര്‍ കൊറിഡോര്‍ സജ്ജമായി. അതേ വൈദ്യുതിയാണ് ഏഴ് വര്‍ഷവും ഈ സര്‍ക്കാര്‍ ഉപയോഗിച്ചത്.

പിന്നീട് അദാനി കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ ആ കരാര്‍ റദ്ദാക്കി. പവര്‍ കൊറിഡോര്‍ ഉണ്ടായതും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ലഭ്യമാകുന്നതും കൊണ്ടാണ് പവര്‍ കട്ട് ഇല്ലാതായത്. മറ്റു പല സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥം. എന്നിട്ടാണ് ഇതെല്ലാം തെറ്റായി വ്യാഖ്യാനിച്ച് ഞങ്ങളുടെ കാലം പവര്‍ കട്ടില്ലാത്ത കാലമെന്നും പഴയകാലം ഇരുണ്ടകാലമെന്നും പറയുന്നത്. അങ്ങനെയെങ്കില്‍ അച്യുതാനന്ദന്‍ ഭരിക്കുന്ന കാലവും ഇരുണ്ട കാലമാണല്ലോ.

കെ.എസ്.ഇ.ബിയെ ലാഭത്തിലാക്കിയെന്ന് പറയുന്നതും തെറ്റാണ്. വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടാണ് ലാഭത്തിലാണെന്ന് പറയുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 47000 ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 22000 ജീവനക്കാര്‍ മാത്രമാണുള്ളത്. എന്നിട്ടാണ് ലാഭത്തിലാക്കിയെന്ന് പറയുന്നത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തകര്‍ത്ത് തരിപ്പണമാക്കി. കെട്ടിട തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങളായി. എന്നിട്ടാണ് ഇതെല്ലാം മറച്ചു വയ്ക്കാന്‍ കള്ളപ്രചരണം സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നത്. സര്‍ക്കാരിന്റെ അതേ പരസ്യമാണ് പിന്നീട് സി.പി.എം പരസ്യമായി മാറുന്നത്.

സാമ്പത്തിക പ്രയാസമുള്ള കാലത്താണ് ഖജനാവ് കൊള്ളയടിച്ചുള്ള കള്ളപ്രചരണം നടത്തുന്നത്. ഇതിനൊക്കെ ജനങ്ങള്‍ തിരിച്ചടി നല്‍കും. സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന മൂല്യ തകര്‍ച്ചയെ കുറിച്ചാണ് ജി സുധാകരന്‍ പറഞ്ഞത്. മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസും യു.ഡി.എഫും തീരുമാനിക്കും. ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും വര്‍ഗ്ഗവഞ്ചകന് വോട്ടില്ല എന്ന പ്രതിഷേധം ഉയരുന്നത് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ തെളിവാണ്.

പാര്‍ട്ടിയുമായി പിരിഞ്ഞു നില്‍ക്കുന്നവരെ പെണ്ണ് കേസിലോ കള്ളക്കേസിലോ കുടുക്കി നശിപ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന പരിപാടി. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പെടലി പിടിച്ച് തിരിച്ചെന്നും കൈ വലിച്ച് ഒടിച്ചെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് പറഞ്ഞത്. എന്നിട്ടാണ് ഞാന്‍ നുണ പറയുന്നെന്ന് സി.പി.എം സെക്രട്ടറി പറഞ്ഞത്. ജമാ അത്ത് ഇസ്ലാമിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിറ്റേ ദിവസം മാറ്റിപ്പറഞ്ഞു. അപ്പോള്‍ ആരാണ് നുണ പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രചരണങ്ങളും നുണയാണ്. പക്ഷെ അതൊക്കെ സാധാരണക്കാരുടെ ചെലവിലാണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *