നാടിനെ നടുക്കി പട്ടാപ്പകൽ നടു റോഡിൽ കൊലപാതകം. കൊല്ലം കരുനാഗപ്പളിയിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടാ നേതാവായ ‘അലുവ അതുൽ’ ആണ് കൊല്ലപ്പെട്ടത്. മുൻപ് നടന്ന ഒരു കൊലക്കേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്.
കരുനാഗപ്പള്ളി പുതിയകാവു ജംഗ്ഷന് സമീപം ദേശീയപാത നിർമ്മാണം നടക്കുന്ന ഭാഗത്തായിരുന്നു സംഭവം. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അതുൽ സഞ്ചരിച്ച കാറിനെ മറ്റൊരു സംഘം പിന്തുടരുകയായിരുന്നു. കാറിനെ ഇടിച്ചുതെറിപ്പിച്ച് ദേശീയപാതയ്ക്കായി എടുത്ത വലിയ താഴ്ചയിലേക്ക് വീഴ്ത്തിയ ശേഷമാണ് ആറോളം പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്.
വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്ന അതുലിനെ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങളായി നിലനിൽക്കുന്ന ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഭീദിതമായ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തിരക്കേറിയ ദേശീയപാതയ്ക്ക് സമീപം നടന്ന കൊലപാതകം പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തി.
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് അന്വേഷണം ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.










