Home / Politics / വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി ജി. സുധാകരൻ

വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി ജി. സുധാകരൻ

അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്നാണ് സൂചന. വെള്ളാപ്പള്ളിയുമായുള്ള ചർച്ചയ്ക്ക് ശേഷം സുധാകരൻ പെരുന്നയിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും നേരിൽ കാണും.

കൂടിക്കാഴ്ച 20 മിനുട്ട് നീണ്ടു. സന്ദർശനത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചെങ്കിലും ജി സുധാകരൻ പ്രതികരിച്ചില്ല. സ്ഥാനാർത്ഥിയായി നിൽക്കാൻ പോകുകയാണെന്ന് ജി സുധാകരൻ തന്നോട് പറഞ്ഞുവെന്ന് വെള്ളാപ്പള്ളി നടേശൻ സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. എസ്എൻഡിപിയുടെ നിലപാട് അമ്പലപ്പുഴയിൽ മാത്രമല്ല, ആകെയാണ്. സ്ഥാനാർത്ഥികളെ എല്ലാം നിർണയിക്കട്ടെ എന്നിട്ട് പിന്തുണ സംബന്ധിച്ചെല്ലാം മറുപടി പറയാം.

ജി സുധാകരൻ ജനകീയനാണ്. ജില്ലയിൽ സ്വാധീനമുള്ള മാന്യ വ്യക്തിയാണ്. ഭരണത്തിൽ മിടുക്കനാണ്. സത്യസന്ധനായ മന്ത്രിയാണെന്ന് തെളിയിച്ചയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സിപിഎമ്മുമായുള്ള ദീർഘകാലത്തെ ബന്ധം അവസാനിപ്പിച്ചാണ് സുധാകരൻ ഇത്തവണ അമ്പലപ്പുഴയിൽ കളം പിടിക്കാനൊരുങ്ങുന്നത്. പാർട്ടിയിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് അദ്ദേഹം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. സുധാകരന്റെ ഈ നീക്കത്തെ പിന്തുണയ്ക്കാൻ യുഡിഎഫ് സജീവമായി ആലോചിക്കുന്നുണ്ട്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ലോക്സഭാ മണ്ഡല പരിധിയിൽ വരുന്നതാണ് അമ്പലപ്പുഴ എന്നത് കോൺഗ്രസിന് ഈ മണ്ഡലത്തിലെ വിജയം നിർണ്ണായകമാക്കുന്നു. ജി. സുധാകരനെ പിന്തുണയ്ക്കുന്നത് വഴി മണ്ഡലം പിടിച്ചെടുക്കാനാകുമോ എന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.

തുടക്കത്തിൽ ആരോടും പിന്തുണ തേടില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സുധാകരൻ, ഇപ്പോൾ നിലപാട് മാറ്റുന്നതായാണ് സൂചനകൾ. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്റെ സ്വഭാവം നോക്കി ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കുന്നത്. അതേസമയം, അമ്പലപ്പുഴയിൽ എച്ച്. സലാമിനെയാണ് സിപിഎം സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കി പുറത്തുപോയ സുധാകരനെതിരെ കടുത്ത വിമർശനങ്ങളാണ് സിപിഎം പ്രാദേശിക നേതൃത്വവും പ്രവർത്തകരും ഉയർത്തുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *