Home / Politics / ബെന്നി ബെഹനാൻ കെ പി സി സി അധ്യക്ഷൻ ആയേക്കും; നീക്കം സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിൽ

ബെന്നി ബെഹനാൻ കെ പി സി സി അധ്യക്ഷൻ ആയേക്കും; നീക്കം സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിൽ

രണ്ടാമത് സ്ഥാനാർത്ഥി പട്ടിക പുറത്ത് വിടുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. മുതിർന്ന നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാന്റെ പേരിനാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിലവിൽ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

പ്രചാരണത്തിലും സ്വന്തം മണ്ഡലത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതിനാൽ അധ്യക്ഷ പദവിയിൽ മാറ്റം വേണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കളും ബെന്നി ബഹനാന്റെ പേരിനെ പിന്തുണയ്ക്കുന്നു എന്നാണ് സൂചന.

നേരത്തെ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ പരിഗണിച്ചിരുന്നെങ്കിലും ചില വിവാദങ്ങൾ അദ്ദേഹത്തിന് തിരിച്ചടിയായതായി റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് അനുഭവസമ്പത്തും പാർട്ടിയിലെ സ്വീകാര്യതയും കണക്കിലെടുത്ത് ബെന്നി ബഹനാനിലേക്ക് ചർച്ചകൾ എത്തിയത്. കൂടാതെ, തിരഞ്ഞെടുപ്പ് പ്രകടനപത്രിക കമ്മിറ്റിയുടെ ചെയർമാനായി അദ്ദേഹത്തെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സ്ക്രീനിംഗ് കമ്മിറ്റി ദില്ലിയിൽ തുടരുകയാണ്. സ്ഥാനാർത്ഥി പട്ടികയുടെ ആദ്യഘട്ട പ്രഖ്യാപനത്തിനൊപ്പം തന്നെ പുതിയ അധ്യക്ഷന്റെ കാര്യത്തിലും ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. അതേസമയം, ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *