Home / Politics / ‘കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ നിന്നും മോർച്ചറിയിലേക്ക്, സിപിഎം നേരിടുന്നത് വൻ അപചയം,’ ചെന്നിത്തല

‘കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ നിന്നും മോർച്ചറിയിലേക്ക്, സിപിഎം നേരിടുന്നത് വൻ അപചയം,’ ചെന്നിത്തല

കേരളത്തിലെ സിപിഎം ഒരു വൻ തകർച്ചയിലാണെന്നും അപചയം കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളരെ വലുതായി ബാധിച്ചിരിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിൽ പിണറായി വിജയനൊപ്പം നിന്നിരുന്ന നേതാക്കൾ ഓരോരുത്തരായി അദ്ദേഹത്തെ വിട്ടു പോവുകയാണ്.
വളരെ പ്രധാനപ്പെട്ട നേതാക്കന്മാർ പാർട്ടിയുടെ ഇന്നത്തെ പോക്കിൽ പ്രതിഷേധിച്ചുകൊണ്ട് പാർട്ടി വിട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്തും സിപിഎം നേരിട്ടിട്ടില്ലാത്ത അപച യമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

പാർട്ടി വിടുന്ന ഓരോ നേതാക്കന്മാരും പാർട്ടിക്കകത്ത് നടക്കുന്ന സംഭവങ്ങളെപ്പറ്റി പറയുന്നത് കേൾക്കുമ്പോൾ നമ്മളൊക്കെ അത്ഭുതപ്പെടും. ഇത്രയും വലിയ ഏകാധിപത്യവും അരാജകത്വവും മറ്റൊരു പാർട്ടിയിലും നമുക്ക് കാണാൻ സാധിക്കില്ല. അതാണ് പാർട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആളുകൾ, നേതാക്കന്മാർ പാർട്ടി വിട്ടുപോകുമ്പോൾ അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അപ്പോൾ ഈ തിരഞ്ഞെടുപ്പോടു കൂടി സിപിഎമ്മിന് ബംഗാളിലെ പാത പിന്തുടരേണ്ടി വരും എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.

എല്ലാ സീറ്റും യുഡിഫ് ജയിക്കാൻ സാധ്യതയുള്ള ഒരു ജില്ലയാണ് കോട്ടയം ജില്ല. അതിനുവേണ്ടിയിട്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളൂ, സ്ഥാനാർത്ഥികളുടെ ലിസ്റ്റ് വന്നു പ്രവർത്തനങ്ങളുമായി സജീവമായി പ്രവർത്തകരും നേതാക്കളും ഒരു മനസ്സോടെ രംഗത്തിറങ്ങി പ്രവർത്തിക്കുന്ന ഒരു സാഹചര്യമാണ്.

ജോസഫ് വാഴയ്ക്കൻ പാർട്ടിയുടെ സമുന്നതനായ നേതാവാണ്. കെഎസ്‌യുവിന്റെ പ്രസിഡന്റ് ആയിരുന്നു, കെപിസിസിയുടെ ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ്, ഇപ്പോൾ രാഷ്ട്രീയ കാര്യ സമിതി അംഗമാണ്, മുൻ എംഎൽഎയുമായിരുന്നു. കഴിഞ്ഞ തവണ അദ്ദേഹം മത്സരിച്ചത് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലാണ്. ഇത്തവണ അദ്ദേഹത്തിന് സീറ്റ് കൊടുക്കണം എന്നൊരു പൊതുവായ ധാരണ ഉണ്ടായിരുന്നു. അദ്ദേഹം സീറ്റിന് അർഹനായ വ്യക്തിയാണ്. അദ്ദേഹത്തിന് ഇപ്പോൾ നിർഭാഗ്യവശാൽ അദ്ദേഹത്തിന് സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ഒരു സത്യമാണ്. പക്ഷേ അദ്ദേഹം ഒരു പാർട്ടി നേതാവ് എന്ന നിലയിൽ വളരെ പക്വമായ നിലപാട് സ്വീകരിച്ചതിനെ ഞാൻ അഭിനന്ദിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഞ്ചുപേർ തീപിടുത്തത്തിൽ മരിച്ചത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ്. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം വെന്റീലേറ്ററിൽ നിന്നും മോർച്ചറിയിലേക്ക് നീങ്ങുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *