Home / Politics / ‘ബിജെപിയുമായി കൂട്ടുണ്ടാക്കിയ ചരിത്രം കോൺഗ്രസിന്; 2016 ൽ നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസ് കാരണം,’ പിണറായി വിജയൻ

‘ബിജെപിയുമായി കൂട്ടുണ്ടാക്കിയ ചരിത്രം കോൺഗ്രസിന്; 2016 ൽ നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസ് കാരണം,’ പിണറായി വിജയൻ

പാലക്കാട് ഉൾപ്പെടെ പത്തോളം മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി കൂട്ടുണ്ടാക്കിയ ചരിത്രം കോൺഗ്രസിനാണെന്ന് പിണറായി വിജയൻ പറഞ്ഞു.

2016-ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ് ആണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നേമത്ത് അന്ന് ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ടുകൾ മറിച്ചതുകൊണ്ടാണെന്നും മറ്റൊരു പ്രമുഖ നേതാവിനെ വിജയിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ ഡീലായിരുന്നു അതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ പടക്കം പൊട്ടിച്ച കോൺഗ്രസ്, ബിജെപിയെ സഹായിക്കുന്ന നിലപാടാണ് അവിടെ സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

വർഗീയതയെ കൂട്ടുപിടിച്ച് പ്രതിപക്ഷം അസത്യപ്രചാരണം നടത്തുകയാണെന്നും ഇത്തരം ഡീൽ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ തകർന്നുവെന്നും 18 മാസത്തോളം പെൻഷൻ മുടങ്ങിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചാലും അത് എൽഡിഎഫിനെ ബാധിക്കില്ലെന്നും സർക്കാർ കൃത്യമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, പാലക്കാട് ഉൾപ്പെടെയുള്ള സീറ്റുകളിൽ ബിജെപി-സിപിഎം ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ വെറും നാണംകെട്ട പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *