വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് വാദ പ്രതിവാദത്തിൽ ഏർപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്ജും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വാർക്കിയും. ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയെ പറ്റിയായിരുന്നു സംവാദം. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ ചൊല്ലിയും ഇരുവരും ആശയപരമായി കൊമ്പ് കോർത്തു. ആറന്മുള നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളാണ് വീണ ജോർജ്ജും അബിൻ വർക്കിയും. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന സ്ഥാനാർത്ഥി സംവാദത്തിലാണ് ഇരുവരും ‘ഏറ്റുമുട്ടി’യത്.
കഴിഞ്ഞ പത്തുവർഷത്തിൽ ആരോഗ്യ മേഖല തകർന്നടിഞ്ഞെന്ന് അബിൻ വർക്കി ആരോപിച്ചപ്പോൾ സ്വകാര്യമേഖലയെ സഹായിക്കാനുള്ള വാദമാണിതെന്ന് വീണ ജോർജ് തിരിച്ചടിച്ചു. കണ്ണൂരില്‍ വീണ ജോർജിനെതിരായി ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടും അബിന്‍ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. മന്ത്രിയെ ആക്രമിച്ചതിന് തെളിവ് നല്‍കുന്നവർക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു, തെളിവുമായി ആരും വന്നില്ല, ചാനൽ ക്യാമറകൾക്ക് പുറമെ 18 ക്യാമറകൾ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നു, ഒന്നിലും തെളിവില്ലായിരുന്നുവെന്നും അബിൻ വർക്കി പറഞ്ഞു.
വയനാട് പുനരധിവാസത്തിനായി ഡി.വൈ.എഫ്.ഐ 2025 ഏപ്രിലിൽ തന്നെ 20 കോടി രൂപ കൈമാറിയതായി തെറ്റായ അവകാശവാദം ഉന്നയിച്ചെന്നാണ് അബിൻ വാർക്കി ആരോപിച്ചത്. യാഥാർത്ഥ്യത്തിൽ ആദ്യം ചെറുതായൊരു തുകയാണ് നൽകിയതെന്നും, ഏകദേശം 15 കോടി രൂപ 2026 ജനുവരിയിലാണ് നൽകിയതെന്നും അബിൻ വർക്കി പറഞ്ഞു. ഇത്രയും വലിയ തുക മാസങ്ങളോളം കൈവശം വെച്ചതെന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം, ഈ കാലയളവിൽ പലിശ ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള സംശയങ്ങളും ഉയർത്തി.
വയനാട് ദുരന്താശ്വാസത്തിനായി സമാഹരിച്ച മൊത്തം തുക എത്രയാണെന്നും, അത് എങ്ങനെ ചെലവഴിച്ചുവെന്നതിലും വ്യക്തത വേണമെന്നും അദ്ദേഹം ആവർത്തിച്ചു. പൊതുജനങ്ങൾക്കായി വിശദമായ കണക്കുകൾ പുറത്തുവിടാത്തതിനെ കുറിച്ചും അദ്ദേഹം ചോദ്യം ചെയ്തു. വീണാ ജോർജ് ഈ ആരോപണങ്ങളെ തള്ളി. ഡി.വൈ.എഫ്.ഐയുടെ ഫണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, സാമ്പത്തിക വിവരങ്ങൾ പൊതുജനങ്ങൾക്ക് മുമ്പാകെ പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഫണ്ടുകളുടെ ഉപയോഗത്തിൽ യാതൊരു അവ്യക്തതയും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.
വയനാട് പുനരധിവാസ പദ്ധതിയിലെ വീടുകൾ പൊതുധനവും സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത് എന്നും, ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ സംഭാവന മാത്രമല്ല അതിന് പിന്നിലെന്നും വീണ ജോർജ്ജ് വ്യക്തമാക്കി.
പദ്ധതിയുടെ ചെലവുകൾ, കരാറുകൾ ഉരളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയതിനെക്കുറിച്ചുള്ള ആരോപണങ്ങളും വാദപ്രതിവാദത്തിൽ ഉയർന്നു. വീടുകളുടെ ചെലവുകണക്കുകൾ അമിതമാണെന്നും സുതാര്യത ഇല്ലെന്നും അബിൻ വാർക്കി ആരോപിച്ചപ്പോൾ, സർക്കാർ നടപടികൾ എല്ലാം ഉത്തരവാദിത്തത്തോടെയും സുതാര്യമായ രീതിയിലുമാണെന്ന് വീണ ജോർജ് ആവർത്തിച്ചു.










