സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആരാകണം മുഖ്യമന്ത്രി എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ പ്രകടിപ്പിക്കുന്നത് പരാജിതന്റെ കപട ആത്മവിശ്വാസമാണെന്നും ചെന്നിത്തല പരിഹസിച്ചു.
പി.ആർ. ഏജൻസികളുടെ സഹായം എപ്പോഴും കൂടെയില്ലാത്തതുകൊണ്ടാണ് മോശം പദപ്രയോഗങ്ങളിലൂടെ മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം പുറത്തുവരുന്നതെന്ന് ചെന്നിത്തല ചൂണ്ടക്കാട്ടി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി, താൻ നിർദ്ദേശിച്ച പലർക്കും സീറ്റ് ലഭിച്ചില്ല എന്നത് വസ്തുതയാണെന്ന് അദ്ദേഹം സമ്മതിച്ചു. ജോസഫ് വാഴക്കന് സീറ്റ് ലഭിക്കാത്തതിൽ വ്യക്തിപരമായ വേദനയുണ്ട്. സുധാകരന് സീറ്റ് നൽകണമെന്ന് താൻ പറഞ്ഞ കാര്യം ചെന്നിത്തല നിഷേധിക്കുകയും ചെയ്തില്ല.
അതേസമയം, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് കർണാടക മാതൃകയിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, തിരുവല്ലയിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ രമേശ് ചെന്നിത്തലയെ സാക്ഷിനിർത്തി മുതിർന്ന നേതാവ് പി.ജെ. കുര്യൻ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നായിരുന്നു കുര്യന്റെ പരസ്യ പ്രഖ്യാപനം.
എന്നാൽ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്ന് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനത്തിനായി താൻ കലഹത്തിനില്ലെന്ന് സതീശനും ആവർത്തിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, നേതാക്കളുടെ പ്രസ്താവനകൾ മുന്നണിക്കുള്ളിലെ ഐക്യത്തെ ബാധിക്കുമോ എന്ന ആശങ്ക പ്രവർത്തകർക്കിടയിലുണ്ട്.










