മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ യാതൊരുവിധ ചർച്ചകളും നിലവിലില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടകയിലും തെലങ്കാനയിലും പിന്തുടർന്ന എഐസിസി മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടെന്നും ഇത് നിലവിൽ ഒരു തർക്കവിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് വി ഡി സതീശൻ ആവർത്തിച്ചു. എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായ ഭാഷയിൽ സതീശൻ വിമർശിച്ചു. 2016-ലെ പ്രകടനപത്രികയിൽ മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് വാഗ്ദാനം നൽകിയ പിണറായി സർക്കാർ, അധികാരത്തിൽ വന്ന ശേഷം ബാറുകളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും വി.ഡി. സതീശൻ ആവർത്തിച്ചു. മറ്റൊരു സംസ്ഥാനം കൂടി കോൺഗ്രസ് ഭരിക്കുന്നത് തടയുക എന്ന ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് സിപിഎം കൂട്ടുനിൽക്കുകയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിലൂടെ കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ നാമനിർദ്ദേശ പത്രികയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതവും യുക്തിഹീനവുമാണ്. വരുമാനം, ആസ്തി, നികുതി വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും കൃത്യമായാണ് സമർപ്പിച്ചിട്ടുള്ളത്. തന്റെ സ്വത്തുവിവരങ്ങളിൽ പൂർവ്വികമായി ലഭിച്ച സ്വത്തുക്കളും ഉൾപ്പെടുന്നുണ്ടെന്നും ഇതിൽ യാതൊരുവിധ ക്രമക്കേടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ പ്രചാരണ ശൈലിയെയും അദ്ദേഹം പരിഹസിച്ചു. അഘോരികളെപ്പോലെയുള്ള സന്ന്യാസിമാരെ പ്രചാരണത്തിന് എത്തിക്കുന്നത് ബിജെപിക്കുള്ളിലെ ആശയക്കുഴപ്പമാണ് കാണിക്കുന്നതെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാഷ്ട്രീയമായ വ്യക്തതയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










