ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി കുടുംബം തന്നെ സിപിഎമ്മിനെതിരെ രംഗത്ത്. മേപ്പാടി സ്വദേശി ഇബ്രാഹിമിന്റെ കുടുംബമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് അഭ്യർത്ഥിച്ച് സ്വന്തം വീടിനു മുന്നിൽ പോസ്റ്റർ പതിപ്പിച്ചത്. വർഷങ്ങളായി പാർട്ടിയെ വിശ്വസിച്ച് കൂടെ നിന്ന ഒരു കുടുംബം ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത് പ്രാദേശിക രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ തങ്ങൾ നിക്ഷേപിച്ച വലിയൊരു തുക തിരികെ ലഭിക്കാത്തതാണ് കുടുംബത്തിന്റെ പ്രതിഷേധത്തിന് കാരണം. പാർട്ടിയോടുള്ള വിശ്വാസത്തിന്റെ പുറത്താണ് തങ്ങളുടെ സമ്പാദ്യം സൊസൈറ്റിയിൽ ഏൽപ്പിച്ചതെന്ന് ഇബ്രാഹിമിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ കുടുംബനാഥനായ ഇബ്രാഹിം ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നപ്പോഴും മരണപ്പെട്ട സാഹചര്യത്തിൽ പോലും നിക്ഷേപിച്ച പണം തിരികെ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് ഇവർ ആരോപിക്കുന്നു.
“ജനിച്ചപ്പോൾ മുതൽ ഞങ്ങൾ സിപിഎം അനുഭാവികളാണ്. അതുകൊണ്ടുതന്നെ പാർട്ടിക്കെതിരെ ഇങ്ങനെ ഒരു നിലപാടെടുക്കാൻ ആദ്യം വലിയ വിഷമമുണ്ടായിരുന്നു. എന്നാൽ അത്രയും നിസ്സഹായമായ അവസ്ഥയിലാണ് ഞങ്ങൾ ഇപ്പോൾ. സാമ്പത്തിക പ്രതിസന്ധി മൂലം വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്,” കുടുംബം വ്യക്തമാക്കി. തങ്ങളുടെ പ്രതിഷേധം പാർട്ടിയോടുള്ള വ്യക്തിപരമായ വിരോധമല്ലെന്നും മറിച്ച് തങ്ങളെപ്പോലുള്ള സാധാരണക്കാരെ വഞ്ചിച്ചതിലുള്ള പ്രതിഷേധമാണെന്നും അവർ കൂട്ടിച്ചേർത്തു.
നിക്ഷേപകർക്ക് പണം തിരികെ നൽകുന്ന കാര്യത്തിൽ ബ്രഹ്മഗിരിയുടെ ഭാഗത്തുനിന്ന് ഇതുവരെ ക്രിയാത്മകമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. വോട്ട് ബഹിഷ്കരിക്കാനോ മറ്റ് പാർട്ടികൾക്ക് നൽകാനോ അല്ല, മറിച്ച് തങ്ങളെ ചതിച്ചവർക്ക് വോട്ട് നൽകരുതെന്ന സന്ദേശമാണ് ഈ പോസ്റ്ററിലൂടെ ഇബ്രാഹിമിന്റെ കുടുംബം നൽകുന്നത്.










