Home / Politics / പിണറായി-വി ഡി സതീശൻ സംവാദം; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, പറയുന്ന സമയത്ത് എത്താമെന്ന് പ്രതിപക്ഷ നേതാവ്

പിണറായി-വി ഡി സതീശൻ സംവാദം; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, പറയുന്ന സമയത്ത് എത്താമെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള സംവാദത്തിന് സാധ്യതയേറുന്നു. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം എന്ന് പ്രതിപക്ഷ നേതാവ് ഇന്ന് രാവിലെ വ്യക്തമാക്കി. ‘സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും.

ബാക്കി ജനം തീരുമാനിക്കട്ടെ,’ പിപ്രതിപക്ഷ നേതാവ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഇതോടെ വേനൽ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും വീണ്ടും ഉയർന്നിരിക്കുകയാണ്. വികസന കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ഏത് വേദിയിലും തുറന്ന സംവാദത്തിന് തയ്യാറാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി, സർക്കാരിന്‍റെ പ്രോഗ്രസ് കാർഡ് മുൻനിർത്തിയുള്ള ചർച്ചയ്ക്കാണ് താൻ തയ്യാറെന്ന് വ്യക്തമാക്കിയിരുന്നു.

സംവാദത്തിനുള്ള മുഖ്യമന്ത്രിയുടെ സമ്മതം പുറത്തുവന്നതോടെ, സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്ന നിലപാടിലാണ് വി ഡി സതീശൻ. മുഖ്യമന്ത്രി നിശ്ചയിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും താൻ എത്തുമെന്നും, സംവാദത്തിലെ കാര്യങ്ങൾ കേട്ട് ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രപോലും പത്തു വർഷത്തെ എൽ ഡി എഫ് ഭരണത്തിൽ പണിതിട്ടില്ലെന്ന് സതീശൻ ആരോപിച്ചു. വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ പദ്ധതികളുടെ കൃത്യമായ കണക്കുകൾ ഇതിന് തെളിവായി നിയമസഭയിൽ തന്നെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ എൽ.ഡി.എഫ് സർക്കാരിന്‍റെ ‘എ പ്ലസ്’ നേട്ടങ്ങൾ നിരത്തിക്കൊണ്ടുള്ള റിപ്പോർട്ട് കാർഡിൽ ചർച്ചയാകാമെന്ന് പിണറായി വിജയൻ മറുപടി നൽകി. സംവാദത്തിനുള്ള സന്നദ്ധത നല്ല കാര്യമാണെങ്കിലും, ഏറ്റവും വലിയ സംവാദ വേദിയായ നിയമസഭയിൽ നിന്ന് പ്രതിപക്ഷം പലപ്പോഴും ഒളിച്ചോടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുമെന്ന് ഉറപ്പായിട്ടും അവിടെ പ്രതിപക്ഷം സ്വീകരിച്ച നിലപാടുകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ വികസനത്തിൽ പ്രതിപക്ഷത്തിന്‍റെ പങ്ക് എന്താണെന്നും, കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോൾ പ്രതിപക്ഷം ഒപ്പം നിന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ കാര്യങ്ങളിൽ വ്യക്തമായ മറുപടി ഉണ്ടെങ്കിൽ സംവാദത്തിന് താൻ തയ്യാറാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *