Home / Politics / ‘യുഡിഎഫ് അധികാരത്തിലെത്തിയാൽ റബ്ബറിന് 250 രൂപ തറവില; മോദിയും പിണറായിയും തമ്മിൽ രഹസ്യ ധാരണ,’ രാഹുൽ ഗാന്ധി

‘യുഡിഎഫ് അധികാരത്തിലെത്തിയാൽ റബ്ബറിന് 250 രൂപ തറവില; മോദിയും പിണറായിയും തമ്മിൽ രഹസ്യ ധാരണ,’ രാഹുൽ ഗാന്ധി

കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല ആവശ്യമായ റബ്ബർ തറവില വർദ്ധനവ് നടപ്പിലാക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. കോട്ടയത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെ, കോൺഗ്രസ് അധികാരത്തിൽ വന്നാൽ റബ്ബറിന്റെ തറവില കിലോയ്ക്ക് 250 രൂപയായി നിശ്ചയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. യു ഡി എഫ് അധികാരത്തിൽ വന്നാൽ ചേരുന്ന ആദ്യ മന്ത്രിസഭായോഗം തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. റബർ താങ്ങുവില ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പുതുപ്പള്ളിയിലെ പ്രസംഗം രാഹുൽ തുടങ്ങിയത്. അനാരോഗ്യം മറന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഉമ്മൻചാണ്ടിയുടെ ജനസ്വീകാര്യത അദ്ദേഹത്തിന്‍റെ വിലാപയാത്രയിലൂടെ ലോകം കണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രസംഗത്തിലുടനീളം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ വിമർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് ആരോപിച്ചു. രാജ്യത്തെ മറ്റ് പല പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും കേന്ദ്ര ഏജൻസികൾ വേട്ടയാടുകയും ജയിലിലടയ്ക്കുകയും ചെയ്യുമ്പോൾ, ഇത്രയേറെ അഴിമതി ആരോപണങ്ങൾ നേരിടുന്ന കേരള മുഖ്യമന്ത്രിയെ മാത്രം തൊടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മോദി സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണം ഇടത് നേതാക്കൾ മോഷ്ടിച്ചിട്ടും എന്തുകൊണ്ടാണ് മോദി മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാത്തത് കേരളത്തിൽ എൽ ഡി എഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണ്. കോൺഗ്രസിന് മാത്രമേ ബി ജെ പിയെയും എൽ ഡി എഫിനെയും നേരിടാൻ കഴിയൂ.

“ബിജെപിയെ എതിർക്കുന്ന മുഖ്യമന്ത്രിമാർ ജയിലിലേക്ക് പോകുമ്പോൾ, കേരള മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് സുരക്ഷിതനായി തുടരാൻ കഴിയുന്നത്? ഈ ബന്ധം ദുരൂഹമാണ്,’ രാഹുൽ ഗാന്ധി പറഞ്ഞു. മോദിയുടെയും പിണറായിയുടെയും ഭരണശൈലികൾ ജനവിരുദ്ധമാണെന്നും കർഷകരെയും സാധാരണക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന നയങ്ങളാണ് ഇരുവരും സ്വീകരിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *