Home / Politics / മുഖ്യമന്ത്രിയുടെ കാപട്യവും ഇരട്ടത്താപ്പും പുറത്തായതു കൊണ്ടാണ് സംവാദത്തിന് വരാത്തതെന്ന് സതീശൻ

മുഖ്യമന്ത്രിയുടെ കാപട്യവും ഇരട്ടത്താപ്പും പുറത്തായതു കൊണ്ടാണ് സംവാദത്തിന് വരാത്തതെന്ന് സതീശൻ

നിരവധി പതിറ്റാണ്ടുകള്‍ സി പി എമ്മിനൊപ്പം പ്രവര്‍ത്തിച്ച് ഇപ്പോള്‍ യു.ഡി.എഫ് പിന്തുണയില്‍ മത്സരിക്കുന്ന ജി.സുധാകരനെതിരെ മുഖ്യമന്ത്രി വിലകുറഞ്ഞ പ്രതികരണമാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരനെ മത്സരിപ്പിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനുണ്ടായെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള രീതിയിലാണ് മുഖ്യമന്ത്രി പറയുന്നത്. സി.പി.എം വിട്ടു വരുന്നവര്‍ക്ക് യു.ഡി.എഫ് പിന്തുണ നല്‍കാന്‍ പാടില്ല. കോണ്‍ഗ്രസോ ലീഗോ വിട്ടുവരുന്നവര്‍ക്ക് സി.പി.എം പിന്തുണ നല്‍കും. എന്തൊരു ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിക്കെന്ന് വി ഡി സതീശൻ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ലീഗ് വിട്ടുവന്ന ജലീലിനെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയില്ലേ? കോണ്‍ഗ്രസ് വിട്ടു വന്ന അബ്ദുറഹ്‌മാനെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയില്ലേ? ലീഗ് വിട്ടു വന്ന മുസ്തഫയെ പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ത്ഥിയാക്കിയില്ലേ? മുഖ്യമന്ത്രിയുടെ പരസ്പര വിരുദ്ധമായ വര്‍ത്തമാനമാണ് ഇപ്പോഴത്തെ വാര്‍ത്ത. അദ്ദേഹം പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. കോണ്‍ഗ്രസും ലീഗും വിട്ടു വരുന്നവര്‍ക്ക് സീറ്റ് നല്‍കിയ ആള്‍ സി.പി.എം വിട്ടു വരുന്നവര്‍ക്ക് സീറ്റ് നല്‍കാന്‍ പാടില്ലെന്നു പറയുന്നത് എവിടുത്തെ ന്യായമാണ്.

മുഖ്യമന്ത്രിയോട് എങ്ങനെയാണ് ഫേസ്ബുക്കില്‍ സംവാദം നടത്തുന്നത്. എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ അദ്ദേഹത്തിന് മറുപടിയില്ല. അദ്ദേഹം ഉന്നയിക്കുന്ന ആരോപണത്തിനു മറുപടി കൊടുത്തു കഴിഞ്ഞാല്‍ പിന്നെ അതിനെ പറ്റി ഒന്നും പറയില്ല. കണ്ടംവഴി ഓടും എന്ന സോഷ്യല്‍ മീഡിയ പ്രയോഗം ഞാന്‍ ഉപയോഗിക്കുന്നില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 443000 വീടുകള്‍ വച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 4000 വീടുകള്‍ മാത്രമെ വച്ചുള്ളൂവെന്നും ഞാന്‍ പറഞ്ഞത് യമണ്ടന്‍ നുണയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഴുവന്‍ തെളിവുകളും ഹാജരാക്കിയപ്പോള്‍ യമണ്ടന്‍ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്ന് ജനങ്ങള്‍ക്ക് മനസിലായി. പിന്നീട് അതിനെ കുറിച്ച് യാതൊരു മിണ്ടാട്ടവുമില്ല.

ജമാ അത്ത് ഇസ്ലാമിയെ കുറിച്ച് പറഞ്ഞതും പിന്നീട് മാറ്റിപ്പറഞ്ഞു. ജമാഅത്ത് ഇസ്ലാമിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് ആദ്യം പറഞ്ഞത്. ആര്‍.എസ്.എസുമായും ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞു. 1977 മാര്‍ച്ച് നാലിന് ദേശാഭിമാനിയില്‍ എഴുതിയിരിക്കുന്നത് കാണിച്ചു തരാം. ജനസംഘം വര്‍ഗീയ പാര്‍ട്ടി അല്ലെന്നും ന്യൂനപക്ഷ വിരുദ്ധരല്ലെന്നും കോണ്‍ഗ്രസുകാരാണ് ഇതെല്ലാം ജനസംഘത്തിന്റെ തലയില്‍ കെട്ടിവച്ചിരിക്കുന്നതെന്നും ദേശാഭിമാനിയില്‍ ലേഖനം എഴുതി വച്ചിരിക്കുകയാണ്. ഇ.എം.എസ് ആയിരുന്നു അന്ന് പത്രാധിപര്‍. ജനസംഘത്തെ വെള്ളപൂശി കൊടുത്ത പാര്‍ട്ടിയാണ് സി.പി.എം.

ആര്‍.എസ്.എസ് പിന്തുണയോടെ ജയിച്ച പിണറായി വിജയനാണ് ഞങ്ങള്‍ക്ക് മതേതരത്വത്തിന്റെ ക്ലാസെടുക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍ ബഹളമുണ്ടാക്കിയ സി.പി.എം പി.ഡി.പിയും എസ്.ഡി.പി.ഐയും പിന്തുണ നല്‍കിയപ്പോള്‍, ഞങ്ങളെ പിന്തുണച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നാണ് പറയുന്നത്. ഇതെല്ലാം ഇരട്ടത്താപ്പും കാപട്യവുമാണ്. മുഖ്യമന്ത്രിയുടെ കാപട്യവും ഇരട്ടത്താപ്പുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി സംവാദത്തിന് വരാത്തത്. സംവാദത്തിന് വന്നാല്‍ ഞാന്‍ ഇതൊക്കെ ചോദിക്കുമെന്ന് നന്നായി അറിയാം.

ഫേസ്ബുക്കില്‍ പിറ്റേ ദിവസം എന്തെങ്കിലും പറയുന്നതു പോലെയല്ല നേരിട്ടുള്ള സംവാദം. അതാകുമ്പോള്‍ അപ്പോള്‍ തന്നെ മറുപടി പറയേണ്ടി വരും. മുഖ്യമന്ത്രി പറയുന്ന മുഴുവന്‍ കാര്യങ്ങളും പൊളിച്ചടുക്കാന്‍ സാധിക്കുമെന്ന ഉത്തമവിശ്വാസമുള്ളതു കൊണ്ടാണ് സംവാദത്തിന് തയാറെന്നു പറഞ്ഞത്. ഫേസ്ബുക്കില്‍ ചോദിക്കുന്ന ചോദ്യത്തിനല്ല മുഖ്യമന്ത്രി പിറ്റേദിവസം മറുപടി പറയുന്നത്. എല്ലാത്തിനും മറുപടി പറയാന്‍ ഞങ്ങള്‍ തയാറാണ്. ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് യുക്തിഭദ്രതയുണ്ട്. ഞങ്ങളുടെ കയ്യില്‍ ഡാറ്റയുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 443000 വീടുകളെന്ന് അന്തരീക്ഷത്തില്‍ നിന്നും എടുത്ത് പറഞ്ഞതല്ല. നിയമസഭയില്‍ ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നതും പ്ലാനിംഗ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതുമായ വിവരങ്ങളാണ് പറഞ്ഞത്.

ജി. സുധാകരന് ബി.ജെ.പിക്കാര്‍ വോട്ട് ചെയ്യുമായിരിക്കും. അത് ഡീല്‍ അല്ല. സി.പി.എമ്മുകാര്‍ പോലും അദ്ദേഹത്തിന് വോട്ട് ചെയ്യും. അത് ചെയ്യേണ്ടെന്നു പറയാന്‍ പറ്റുമോ? യു.ഡി.എഫിന്റെ വോട്ട് കഴിഞ്ഞാല്‍ സി.പി.എമ്മിന്റെ വോട്ടാണ് ജി സുധാകരന് കിട്ടാന്‍ പോകുന്നത്. ഇവരെക്കാള്‍ വലിയ നേതാവാണ് ജി. സുധാകരന്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തിന് എല്ലാവരും വോട്ട് ചെയ്യും. അപ്പുറത്ത് നിന്നും ഇപ്പുറത്ത് വന്ന സ്വതന്ത്രനെ നിങ്ങള്‍ പിന്തുണച്ചില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്? പാലക്കാട് നിങ്ങള്‍ ആരെയാണ് പിന്തുണച്ചത്? അയാള്‍ ബി.ജെ.പിയോട് സീറ്റ് ചോദിച്ച് അവര്‍ കൊടുക്കാത്തത് കൊണ്ടാണ് അയാള്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായത്. അതിനൊന്നും ഒരു മടിയും ഉണ്ടായില്ല. ഇതെല്ലാം മറന്നു പോകുമെന്നതാണ് പിണറായി വിജയന്റെ കുഴപ്പം.

ഞങ്ങള്‍ക്കും 50 വര്‍ഷത്തെ രാഷ്ട്രീയം അറിയുന്ന ആളുകളാണ്. ഞങ്ങള്‍ അതിന് മറുപടി പറയില്ലേ. മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കുന്നവരെങ്കിലും ഇതെക്കെ ശ്രദ്ധിക്കണം. മുഖ്യമന്ത്രിയെ ഇങ്ങനെ അപമാനിക്കരുത്. മുഖ്യമന്ത്രിയെ കൊണ്ട് അബദ്ധം വായിപ്പിക്കുന്നതാണ് സ്ഥിരം രീതി. ഏതോ ഒരു ഉത്തരം കണ്ടെന്നു പറഞ്ഞ് 4000 വീട് മാത്രമെ നിര്‍മ്മിച്ചുവെന്ന് മുഖ്യമന്ത്രിയെ പോലുള്ള ഒരാളെക്കൊണ്ട് കള്ളം പറയിച്ചില്ലേ? എഴുതിക്കൊടുക്കുന്ന ആളുകള്‍ കേരളത്തിലെ മുഖ്യമന്ത്രിയെ കൊണ്ട് എന്തിനാണ് ഇങ്ങനെ കള്ളം പറയിക്കുന്നത്? എ.കെ ബാലനും കെ.ടി ജലീലും തന്ന മറുപടി കണ്ടിട്ടാണ് 4000 വീട് മാത്രമെ നിര്‍മ്മിച്ചുവെന്ന് പറഞ്ഞത്. നിയമസഭയില്‍ ഇത് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മിണ്ടിയില്ലല്ലോ? എഴുതിക്കൊടുക്കുന്ന ആളുകളാണ് മുഖ്യമന്ത്രിയെ കബളിപ്പിക്കുന്നത്. അത് ഞങ്ങളുടെ ആരെങ്കിലുമാണോയെന്ന് സംശയമുണ്ട്. എന്തൊക്കെയാണ് ആ പാവത്തിനെക്കൊണ്ട് പറയിക്കുന്നതെന്നും സതീശൻ ചോദിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *