പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വടകരയിലെ ‘കാഫിർ’ പ്രയോഗത്തിന് പിന്നാലെ പേരാമ്പ്രയിൽ ‘ഖൗമിലെ കുട്ടി’ എന്ന പ്രയോഗത്തിലൂടെ സി.പി.എം വീണ്ടും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയമായ വിയോജിപ്പുകളെ വ്യക്തിപരമായും മതപരമായും നേരിടുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും തങ്ങൾ വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ മതത്തെ മാത്രം മുൻനിർത്തി വോട്ട് ചോദിക്കുന്നു എന്ന തരത്തിൽ എൽഡിഎഫ് വാഹനങ്ങളിൽ നിന്ന് അനൗൺസ്മെന്റ് നടത്തിയത് അങ്ങേയറ്റം നീചമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തരംതാണ പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയും. വടകരയിൽ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലൂടെ എന്ത് നേട്ടമാണോ സി.പി.എം ലക്ഷ്യമിട്ടത്, അതിന്റെ തുടർച്ചയാണ് പേരാമ്പ്രയിലും കാണുന്നത്. തോൽവി ഭയക്കുമ്പോഴാണ് ഇടതുപക്ഷം വർഗീയ കാർഡ് ഇറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദമായ അനൗൺസ്മെന്റ്
“നമ്മുടെ ഖൗമിലെ കുട്ടി മത്സരിക്കുമ്പോൾ നമ്മൾ മാറ്റി ചിന്തിക്കണമോ?” എന്ന തരത്തിലുള്ള അനൗൺസ്മെന്റാണ് എൽഡിഎഫിന്റെ പ്രചാരണ വാഹനത്തിൽ നിന്ന് ഉയർന്നത്. മുസ്ലിം ലീഗിന്റെ പേരിൽ ഇത്തരം വിദ്വേഷ പ്രചാരണം നടത്തി മതപരമായ വേർതിരിവുണ്ടാക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു എന്നാണ് യുഡിഎഫിന്റെ പരാതി.
സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. രാഷ്ട്രീയ പോരാട്ടങ്ങളെ ആശയപരമായ തലത്തിൽ നേരിടാൻ ഇടതുപക്ഷം തയ്യാറാകണമെന്നും, മതത്തെയും ജാതിയെയും കൂട്ടുപിടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ ഇതിനോടകം തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.










