നിയമസഭ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ, വീണ്ടും മോശം പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്രമണം. ‘ഡാഷ് മോനേ രേവന്താ…. മറുപടി വരുന്നുണ്ട് എന്നു മാത്രമേ ഇപ്പോള് പറയുന്നുള്ളൂ’ എന്നായിരുന്നു പിണറായി വിജയൻ കണ്ണൂരിൽ മാധ്യമങ്ങളെ കാണവേ രേവന്ത് റെഡ്ഡിയെ അഭിസംബോധന ചെയ്തത്. കേരളത്തില് പറഞ്ഞ കാര്യങ്ങള്ക്ക് താന് ഇപ്പോള് മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര് പ്രസ് ക്ളബ്ബ് നടത്തിയ ‘ജനവിധി 2626 മീറ്റ് ദ ലീഡര്’ പരിപാടിയില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്. മുഖ്യമന്ത്രിയെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്ശം മാധ്യമപ്രവര്ത്തകര് ശ്രദ്ധയില്പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മില് വാക്പോര് മുറുകുന്ന സാഹചര്യത്തിലാണ് പരാമര്ശം.
തനിക്കെതിരെ നടത്തിയ വിമര്ശനങ്ങള്ക്ക് മറുപടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പിണറായി വിജയന് കത്തയച്ചിരുന്നു ഏപ്രില് മൂന്നിന് ‘എക്സ്’ലൂടെ പിണറായി നടത്തിയ ആരോപണങ്ങള്ക്ക് മറുപടി നല്കിയായിരുന്നു കത്ത്. ആരോപണങ്ങള് തികച്ചും കഴമ്പില്ലാത്തതാണെന്നും തെറ്റായ വിവരങ്ങളാണെന്നും രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. ‘നരസിംഹം’ സിനിമയിലെ ‘നീ പോ മോനേ ദിനേശാ’ എന്ന മോഹന്ലാല് ഡയലോഗ് അനുകരിച്ച് ‘നീ പോ മോനെ വിജയാ’ എന്ന പരാമര്ശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്.









