നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് മണ്ഡലത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിന്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. വോട്ടെടുപ്പിന്റെ തലേദിവസം പുറത്തുവന്ന ഈ ദൃശ്യങ്ങൾ ബിജെപിയെയും ബിജെപിയുടെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കണ്ണാടി പഞ്ചായത്തിലെ ഒരു വീട്ടിലെ വൃദ്ധയ്ക്ക് ബിജെപി പ്രവർത്തകർ പണം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രദേശത്തെ ഒരു മരണവീട് സന്ദർശിക്കാനെത്തിയതായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും സംഘവും. മരണവീട്ടിലെ സന്ദർശനത്തിന് ശേഷം തൊട്ടടുത്ത വീട്ടിലെത്തിയ സംഘം അവിടെയുണ്ടായിരുന്ന വൃദ്ധയുമായി സംസാരിക്കുകയും തുടർന്ന് അവരുടെ കൈവശം പണം ഏൽപ്പിക്കുകയുമായിരുന്നു. ഈ സമയം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഉണ്ടായിരുന്നതായി കോൺഗ്രസ് പ്രവർത്തകൻ പകർത്തിയ ദൃശ്യങ്ങളിലുണ്ട്.
പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട ശോഭാ സുരേന്ദ്രൻ കാറിൽ നിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകർക്ക് നേരെ തട്ടിക്കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.










