Home / Politics / വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; അപ്രതീക്ഷിത അടിയേറ്റ് ശോഭയും ബിജെപിയും, ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; അപ്രതീക്ഷിത അടിയേറ്റ് ശോഭയും ബിജെപിയും, ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. പരാതി ഉയർന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് വിഭാഗം ഫ്ലയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തു വിട്ടതോടെയാണ് വിവാദം പുകഞ്ഞത്. പ്രദേശത്തെ ഒരു മരണവീട് സന്ദർശിക്കാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും സംഘവും തൊട്ടടുത്ത വീട്ടിലെ വൃദ്ധയ്ക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. സ്ഥാനാർത്ഥി കാറിലിരിക്കെ പ്രവർത്തകർ വീട്ടിനുള്ളിൽ കയറി പണം കൈമാറുകയായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങൾ തങ്ങൾ പകർത്തിയെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ശോഭാ സുരേന്ദ്രൻ കാറിൽ നിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകർക്ക് നേരെ തട്ടിക്കയറുന്ന സാഹചര്യവുമുണ്ടായി. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ദൃശ്യങ്ങൾ ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *