കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവി ദിനമായ ഇന്ന് രാവിലെ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഓരോ കേരളപ്പിറവി ദിനവും നാം ആഹ്ലാദത്തോടെ ആഘോഷിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം കേരള ജനതയ്ക്കാകെ ഒരു പുതുയുഗപ്പിറവിയുടെ ദിനമാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
“അതിദരിദ്രരില്ലാത്ത ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി നമുക്ക് കേരളത്തെ മാറ്റാന്‍ കഴിഞ്ഞു എന്ന കാരണത്താല്‍ ചരിത്രത്തില്‍ ഇടംനേടുന്ന കേരളപ്പിറവിയാണ് ഇന്ന്. 2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിന്‍റെ തുടക്കം കൂടിയായിരുന്നു ഇത്,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം അതിദാരിദ്രം അവസാനിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരമെന്ന് വിമർശിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പിണറായി വിജയന്‍ നടത്തുന്നത് തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പി.ആര്‍ പ്രചരണമെന്നും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സഭ ബഹിഷ്കരിച്ച പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ സമ്മേളനം സര്‍ക്കാര്‍ തന്നെ പ്രഹസനമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേരളം അതിദരിദ്ര രഹിത സംസ്ഥാനമാണെന്നു പ്രഖ്യാപിക്കാന്‍ നിയമസഭയില്‍ ഒരു ചര്‍ച്ചയും ഇല്ലാതെ മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്തുന്നതിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കി നിയമസഭ വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഇന്നു പറയാന്‍ പോകുന്ന കാര്യങ്ങള്‍ മാധ്യമങ്ങളില്‍ പരസ്യമായി വന്ന കാര്യങ്ങളാണ്. എല്ലാ മാധ്യമങ്ങളിലും കോടികള്‍ നല്‍കി പരസ്യം നല്‍കിയ അതേ കാര്യങ്ങള്‍ വീണ്ടും നിയമസഭയില്‍ 140 എം.എല്‍.എമാരെയും തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി മുഖ്യമന്ത്രിയുടെ പ്രസ്താവന വീണ്ടും വായിച്ചു കേള്‍പ്പിക്കുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷം നിയമസഭ നടപടികള്‍ ബഹിഷ്‌ക്കരിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.
കേരളം അതിദാരിദ്രമുക്തമാണെന്നതിനുള്ള എല്ലാ രേഖകളുമുണ്ടെന്നും അതിനെ പ്രതിപക്ഷം എന്തിനാണ് ഭയക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ളത് ചരിത്രപ്രാധാന്യമുള്ള കാര്യമാണ്. അക്കാര്യം നാടിനെ അറിയിക്കാനുള്ള ഉചിതമായ മാര്‍ഗമാണ് നിയമസഭാ സമ്മേളനം. അതുകൊണ്ടാണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. അതിനെ തട്ടിപ്പെന്ന് പ്രതിപക്ഷം പറയുന്നത് സ്വന്തം ശീലമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് എല്‍.ഡി.എഫ് കരുതുന്ന ഒരു തിരഞ്ഞെടുപ്പ് വിജയവും അവര്‍ക്കുണ്ടാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.










