Home / Kerala / പോലീസ്- മോട്ടോര്‍ വാഹന വകുപ്പുകളുടെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കി; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ സഹോദരങ്ങള്‍ പിടിയില്‍

പോലീസ്- മോട്ടോര്‍ വാഹന വകുപ്പുകളുടെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കി; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ സഹോദരങ്ങള്‍ പിടിയില്‍

പോലീസ് മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹന പരിശോധനയുടെയും മറ്റ് ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ യഥാസമയം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചോര്‍ത്തി നല്‍കിയ അഡ്മിന്‍മാരായ സഹോദരങ്ങള്‍ പിടിയില്‍. വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍, ചെറിയമുക്കാടയില്‍ വീട്ടില്‍, ബിബിന്‍ ബേബി (42) സഹോദരന്‍ബിജു ബേബി (38) എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് പിടികൂടിയത്.

ബിബിന്‍ അഡ്മിനായ ‘ടാക്‌സി ഡ്രൈവേഴ്‌സ് വയനാട്’ എന്ന ഗ്രൂപ്പിലൂടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും മദ്യം, മയക്കുമരുന്ന് കടത്തുകാര്‍ക്കും മണല്‍ മാഫിയകള്‍ക്കും മറ്റു സാമൂഹ്യവിരുദ്ധര്‍ക്കും സഹായം ചെയ്യുന്ന രീതിയില്‍ വിവരങ്ങള്‍ കൈമാറി വന്നത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സൈബര്‍ സെല്ലിന്റെയും തുടര്‍ച്ചയായ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് ബിബിന്‍ വലയിലാകുന്നത്.

നിരവധി അംഗങ്ങളുള്ള ഗ്രൂപ്പില്‍ 2025 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയാണ് കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. വാഹന പരിശോധന നടക്കുന്ന സ്ഥലങ്ങളും സമയങ്ങളും മുന്‍കൂട്ടി പങ്കുവെച്ച് കുറ്റവാളികള്‍ക്ക് സഹായം ചെയ്തുവരുകയായിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ പങ്കും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *